
ഇടുക്കി: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാൻ അനുമതി നൽകില്ലെന്നും ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നുമുള്ള തമിഴ്നാട് സർക്കാരിന്റെ നിലപാട് പെരിയാർ തീരത്ത് ആശങ്കയിൽ കഴിയുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുല്ലപ്പെരിയാർ സമര സമിതി പ്രതികരിച്ചു.
സുപ്രീം കോടതി നിർദേശിച്ച സമഗ്ര ഡാം സുരക്ഷാ വിലയിരുത്തൽ (കോംപ്രിഹെൻസീവ് ഡാം സേഫ്റ്റി ഇവാലുവേഷൻ) അടിയന്തരമായി നടത്തണമെന്നും, പുതിയ അണക്കെട്ട് നിർമിക്കുന്ന കാര്യത്തിൽ കേരളവും തമിഴ്നാടും ധാരണയിലെത്തേണ്ടതുണ്ടെന്നും സമര സമിതി കൺവീനർ ഷാജി പി. ജോസഫ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കാണുമെന്നും അദ്ദേഹം അറിയിച്ചു.സംസ്ഥാന ബജറ്റിൽ പുതിയ അണക്കെട്ട് സംബന്ധിച്ച് പരാമർശമില്ലാത്തത് നിരാശപ്പെടുത്തിയെന്നും ഷാജി പി. ജോസഫ് പറഞ്ഞു.
അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന് തമിഴ്നാട് സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നു. അണക്കെട്ടിന്റെ അറ്റകുറ്റപ്പണികളുമായി മുന്നോട്ട് പോകുമെന്ന നിലപാടും ഗവർണർ രാജേന്ദ്ര അർലേക്കർ ആവർത്തിച്ചു. സർക്കാരുകൾ മാറിയാലും മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള വൈകാരിക വിഷയങ്ങളിൽ തമിഴ്നാടിന്റെ നിലപാടിൽ മാറ്റമില്ലെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. നിയമസഭാ സമ്മേളനത്തിന് ശേഷം മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യുമെന്ന് വി.ഡി. സതീശൻ പറഞ്ഞതിന് പിന്നാലെയാണ് തമിഴ്നാടിന്റെ നയപ്രഖ്യാപനം പുറത്തുവന്നത്.






