
തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർ നിയമനങ്ങൾ റദ്ദാക്കി തുടങ്ങി സംസ്ഥാന സർക്കാർ. അസാപ് സിഎംഡി സ്ഥാനത്ത് നിന്ന് ഉഷ ടൈറ്റസിനെ നീക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉഷ ടൈറ്റസിനെ സിഎംഡി സ്ഥാനത്ത് നിന്ന് നീക്കിയ തീരുമാനം എടുത്തത്. പകരം ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ ബി അശോക് ആണ് താത്ക്കാലികമായി ചുമതല ഏൽക്കുക.
പിണറായി സര്‍ക്കാരിന്റെ് കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഉഷ ടൈറ്റസ് ഐഎഎസിനെ അസാപ് സിഎംഡിയാക്കിയത് വിവാദമായിരുന്നു. 2021- കാലത്താണ് ഉഷ ടൈറ്റസിനെ അസാപ് സിഎംഡിയായി നിയമിച്ചത്. മൂന്ന് വര്‍ഷത്തേക്കായിരുന്നു നിയമനം. പിന്നീട് 2023ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെ രണ്ട് വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടി നല്‍ക്കുകയായിരുന്നു.
അസാപ് സിഎംഡി സ്ഥാനത്ത് തുടരാനുള്ള പ്രായപരിധി 65 വയസാണ്. ഉഷ ടൈറ്റസിന് 65 വയസ് പൂര്‍ത്തിയായി എന്ന് ചൂണ്ടിക്കാട്ടിയാണ് ചുമതലയില്‍ നിന്ന് നീക്കിയത്. സിഎംഡി സ്ഥാനത്ത് തുടരാന്‍ ഉഷ ടൈറ്റസ് അയോഗ്യയാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തിയിരുന്നു. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.






