
പാറ്റ്ന: കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ മകന്റെ മരണത്തെ പരിഹസിച്ച് ബീഹാറിലെ ബിജെപി നേതാവ്. ആക്ഷേപത്തിനെതിരേ രോഷം ശക്തമായതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ബീഹാറിലെ ബിജെപി നേതാവ് മിഥിലേഷ് കുമാര്‍ തിവാരിയാണ് യെച്ചൂരിയുടെ മകന് ആശിഷ് യെച്ചൂരിയുടെ മരണത്തെ അപഹസിച്ച് വിവാദത്തിലായത്.
''ചൈനയെ പിന്തുണയ്ക്കുന്ന സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ മകന് ആശിഷ് യെച്ചൂരി ചൈനീസ് കൊറോണ വന്നു മരിച്ചു.'' എന്നായിരുന്നു മുന്‍ എംഎല്‍എ കൂടിയായ ബീഹാര്‍ ബിജെപി വൈസ് പ്രസിഡന്റിന്റെ ട്വീറ്റ്. കോവിഡ് ബാധയെ തുടര്‍ന്ന് ഗുരുഗ്രാമിലെ മെഡാന്താ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആശിഷ് വ്യാഴാഴ്ചയായിരുന്നു മരണമടഞ്ഞത്. വ്യാഴാഴ്ച രാവിലെ വാര്‍ത്ത പുറത്തുവിട്ടതും യെച്ചൂരി തന്നെയായിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു മിഥിലേഷ് കുമാറിന്റെ ഹിന്ദിയിലുള്ള ട്വീറ്റും പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ മിഥിലേഷിന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്യും മുമ്പ് തന്നെ ബീഹാറിലെ പ്രതിപക്ഷമായ രാഷ്ട്രീയ ജനതാദളിന്റെ കണ്ണില്‍ പെട്ടു. യഥാര്‍ത്ഥ 'സംഘി മനോഭാവം' എന്നായിരുന്നു അവര്‍ പ്രതികരിച്ചത്. ട്വീറ്റ് ഡിലീറ്റ് ചെയ്തതുകൊണ്ട് സംഘി സംസ്ക്കാരത്തിന്റെ നാറ്റം പോകില്ലെന്നും അതേ സംസ്ക്കാരം പുലര്‍ത്തുന്നതിനാല്‍ ആ നാറ്റം പ്രധാനമന്ത്രിക്കും ആരോഗ്യമന്ത്രി കൈലാഷ് വിജയ വര്‍ഗിയയ്ക്കും ഗിരിരാജ് സിംഗിനും ഏത് ചോട്ടാ നേതാവിനു വരേയും ഉണ്ടെന്ന് രാഷ്ട്രീയ ജനതാദളിന്റെ ട്വീറ്റില്‍ പറയുന്നു.
തിവാരിയുടെ കമന്റിനെതിരേ സിപിഎംഎല്‍ നേതാക്കളും രംഗത്ത് വന്നു. കോവിഡ് 19 ന്റെ നാശനഷ്ടത്തില്‍ സന്തോഷിക്കുന്ന സാഡിസ്റ്റുകള്‍ എന്നായിരുന്നു സിപിഎംഎല്‍ നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യയുടെ പ്രതികരണം. ഇന്ന് ആശിശ് യെച്ചൂരിയുടെ മരണം ഈ മാന്യന്മാരെ സന്തോഷിപ്പിക്കുന്നു. ഇന്നലെ കവി ശങ്കര ഘോഷ് മരിച്ചപ്പോഴായിരുന്നു ബിജെപി അണികളുടെ സന്തോഷ പ്രകടനം എന്നും പറഞ്ഞു. മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മിഥിലേഷിനെതരേ രംഗത്ത് വന്നു.






