
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രക്തം നല്കാന് ആളുകളെത്താതായതോടെ സംസ്ഥാനത്തെ രക്തബാങ്കുകളില്‍ കടുത്ത രക്ത ക്ഷാമം. കോവിഡ് പകരുമോ എന്ന ആശങ്കമൂലമാണ് പലരും രക്തം നല്കാന് മടിക്കുന്നത്. കോവിഡായതിനാല്‍ പുറത്ത് രക്തദാന ക്യാമ്പുകളും സംഘടിപ്പിക്കാനാകുന്നില്ല.
എന്നാല്‍ രക്തദാനത്തിലൂടെ രോഗം പകരില്ലെന്നു ഡോക്ടര്‍മാര്‍ ഉറപ്പ് നല്കുന്നു. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ കോവിഡ് വാക്സിന് എടുത്തുതുടങ്ങുന്നതോടെ സ്ഥിതി രൂക്ഷമാകുമെന്നും ആശങ്കയുണ്ട്. യുവാക്കളാണ് രക്തദാനത്തിനായി എത്തുന്നവരിലേറെയും. വാക്സിന് എടുത്താല്‍ ഉടന്‍ രക്തം നല്‍കാനാവില്ല.
അതേസമയം സംസ്ഥാനത്തു രക്തത്തിന്റെ ലഭ്യതയ്ക്കു പ്രതിസന്ധി ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. 18 വയസ് കഴിഞ്ഞവര്‍ക്കു വാക്സിനേഷന് ആരംഭിക്കുന്നതിനാല്‍ രക്തം കിട്ടാത്ത സ്ഥിതി ഉണ്ടാകുമെന്ന പ്രചാരണത്തില്‍ വാസ്തവമില്ലെന്നും നാഷനല്‍ ബ്ലെഡ് ട്രാന്സ്ഫ്യൂഷന് കൗണ്‍സിലിന്റെ നിര്‍ദേശം തെറ്റായി വ്യാഖ്യാനിച്ചതാണ് ആശങ്ക സൃഷ്ടിക്കുന്നതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച് 28 ദിവസം കഴിഞ്ഞു മാത്രമേ രക്തദാനം നടത്താന്‍ പാടുള്ളൂവെന്ന ധാരണ ശരിയല്ലെന്നു സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊെസെറ്റി ഡയറക്ടര്‍ ഡോ.ആര്. രമേശ് വ്യക്തമാക്കി. ആദ്യ ഡോസ് വാക്സിന് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞു രക്തദാനം നടത്താം. രണ്ടാം ഡോസ് എടുത്താലും ഇങ്ങനെയാണു വേണ്ടത്.
സംസ്ഥാനത്തു വര്‍ഷം ശരാശരി അഞ്ചു ലക്ഷം യൂണിറ്റ് രക്തമാണു വേണ്ടത്. 350 മില്ലി ലീറ്റര്‍, 400 മില്ലി ലീറ്റര്‍ ബാഗുകളെയാണ് യൂണിറ്റായി കണക്കാക്കുന്നത്. ഭൂരിഭാഗം പേരില്‍ നിന്നും 350 മില്ലി ലീറ്റര്‍ രക്തമാണ് എടുക്കുന്നത്. രോഗികള്‍ക്കും പരുക്കേറ്റവര്‍ക്കും രക്തം അതേപടി നല്‍കുന്നില്ല. രക്തത്തിന്റെ ഘടകങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഇതില്‍ റെഡ് ബ്ലഡ്സെല്സും (പാക്ക്ഡ് ആര്.ബി.സി) പ്ലേറ്റ്ലെറ്റ്സും ആണു കൂടുതല്‍ വേണ്ടത്.
പ്ലേറ്റ്ലെറ്റ്സ് മൂന്നു മുതല്‍ അഞ്ചു ദിവസം വരെയും ആര്.ബി.സി. 35 ദിവസം വരെയും മാത്രമേ സൂക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. പ്ലാസ്മയും ക്രയോപ്രസിപ്പിറ്റേറ്റും ഒരു വര്‍ഷംവരെ സൂക്ഷിക്കാം. അതിനാല്‍ എല്ലാവരും രക്തദാനത്തിനു തിരക്കു കൂട്ടിയാലും അതിലെ ഘടകങ്ങള്‍ ഏറെ നാള് സൂക്ഷിക്കാനാവില്ല.
ആവശ്യത്തിനനുസരിച്ചാണു രക്തം ദാനം ചെയ്യേണ്ടത്. 18 മുതല്‍ 60 വയസ് വരെയുള്ളവരില്‍ മതിയായ ആരോഗ്യമുള്ളവര്‍ വാക്സിന് സ്വീകരിക്കുന്നതിന് ഒരാഴ്ച മുന്‍പു രക്തം ദാനം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഡോ.ആര്. രമേശ് പറഞ്ഞു.






