
ന്യൂഡല്ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിലും രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് രേഖപെടുത്തുന്നതായി റിപ്പോർട്ട്. രാജ്യത്തെ കോവിഡ് മരണനിരക്ക് 1.12 ശതമാനമാണ്. അതായത് രോഗബാധിതരാകുന്നവരില് ഏതാണ്ട് 99 ശതമാനം പേരും രോഗത്തെ അതിജീവിക്കുന്നു. രോഗവ്യാപന കണക്കുകൾ ആശങ്ക വർദ്ധിപ്പിക്കുന്നതാണെങ്കിലും മരണ നിരക്ക് ഒന്നാം തരംഗത്തെ അപേക്ഷിച്ച് കുറയുന്നത് ആശ്വാസത്തിന് വകനൽകുന്നതാണ്.
രോഗബാധിതരാകുന്നവരിൽ ആശുപത്രിയിലെത്തി ചികിത്സ തേടുന്നവരേക്കാൾ വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവരുടെ എണ്ണമാണ് കൂടുതലെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിയില് പ്രവേശിക്കപ്പെടുന്നവരില് 30 ശതമാനത്തിന് മാത്രമാണ് വെന്റിലേറ്റര് സേവനം ആവശ്യമായി വരുന്നത്. ഒന്നാം തരംഗത്തില് ഇത് 37 ശതമാനമായിരുന്നു. വീടുകളില് നീരീക്ഷണത്തില് കഴിയവേ തന്നെ പലരും രോഗമുക്തരാകുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ച 14.02 ലക്ഷം സാമ്പിളുകളില് 3.54 ലക്ഷം പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതായത്, ഓരോ നാല് സാമ്പിളുകളില് ഒന്ന് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. എന്നാല് രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വലിയ വര്ധനവുണ്ട്.







Comments