
തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് മുമ്പേ രക്തം ദാനം ചെയ്യാന്‍ തയാറാകണമെന്ന് യുവജനങ്ങളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് വാക്സീന് സ്വീകരിച്ചാല്‍ ഒരു മാസത്തേക്ക് രക്തം ദാനം ചെയ്യാന്‍ കഴിയില്ലെന്നാണ് വിദഗ്ധാഭിപ്രായം. അതിനാല്‍ യുവജനസംഘടനകള്‍ രക്തദാനത്തിനായി മുന്നോട്ടു വരണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഒരാള്‍ വാക്സീനെടുത്ത് 28 ദിവസം കഴിയുമ്പോള്‍ അടുത്ത ഡോസ് കൂടിയെടുക്കും. വീണ്ടും 28 ദിവസം കഴിഞ്ഞാല്‍ മാത്രമേ രക്തദാനം സാധ്യമാകൂ. ഏകദേശം രണ്ട് മാസത്തോളം ഒരാള്‍ക്ക് രക്തം ദാനം ചെയ്യാന്‍ സാധിക്കാതെ വരുന്നത് കാര്യമായ പ്രതിസന്ധിയുണ്ടാക്കൂമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
നിലവില്‍ ബ്ലഡ് ബാങ്കില്‍ രക്തദാന സന്നദ്ധത അറിയിച്ച് എത്തുന്നവരില്‍ അധികവും വാക്സീന് സ്വീകരിച്ചവരോ കോവിഡ് ബാധിച്ച് രോഗം ഭേദമായവരോ ആണെന്നും, ആയതിനാല്‍ രക്തം സ്വീകരിക്കാതെ മടക്കി അയയ്ക്കേണ്ട സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.






