
ന്യുഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ചികിത്സയില്‍ നേരിടുന്ന ഓക്സിജന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു മാസത്തിനുള്ളില്‍ 44 ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഇവയില്‍ ഏട്ടെണ്ണം കേന്ദ്ര സര്‍ക്കാരും 36 എണ്ണം ഡല്‍ഹി സര്‍ക്കാരുമാണ് സ്ഥാപിക്കുക. അവയില്‍ 21 പ്ലാന്റുകള്‍ ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതും 15 എണ്ണം രാജ്യത്തുതന്നെ നിര്മ്മിക്കുന്നവയുമാണെന്ന് കെജ്രിവാള് പറഞ്ഞു.
ഡല്‍ഹി സര്‍ക്കാര്‍ 21 റെഡി ടു യൂസ് ഓക്സിജന്‍ പ്ലാന്റുകള്‍ ഫ്രാന്‍സില്‍ നിന്നും 18 ഓക്സിജന്‍ ടാങ്കറുകള്‍ ബാങ്കോക്കില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുക. ബാങ്കോക്കില്‍ നിന്നുള്ള ടാങ്കറുകള്‍ നാളെ മുതല്‍ എത്തിത്തുടങ്ങും. അതിനായി വ്യേവസേന വിമാനങ്ങള്‍ വിട്ടുനല്‍കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ തുടരുകയാണ്. അവ വിജയിക്കുമെന്ന് പ്രതീക്ഷയുണ്ട്. അവ എത്തിയാല്‍ ഓക്സിജന്‍ കൊണ്ടുപോകുന്നതിനുള്ള തടസ്സം മാറുമെന്നും അദ്ദേഹം ഡിജിറ്റല്‍ പ്രസ് കോണ്‍ഫറന്‍സില്‍ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് ദിവസമായി രാജ്യത്തെ വ്യവസായികളുമായും മുഖ്യമന്ത്രിമാരുമായും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. സഹായം തേടിയിട്ടുണ്ട് പല ഭാഗത്തുനിന്നും വലിയ സഹായ വാഗ്ദാനങ്ങള്‍ ലഭിച്ചു. അവരില്‍ പലരും സഹായിക്കുന്നുമുണ്ട. അവരോട് സര്‍ക്കാര്‍ നന്ദി പറയുന്നു.
രാവിലെ രാംലീല മൈതാനത്ത് നടക്കുന്ന കോവിഡ് സെന്ററിന്റെ നിര്‍മ്മാണം വിലയിരുത്തിയ കെജ്രിവാള് ആരോഗ്യ വിദഗ്ധരുമായി ചര്‍ച്ച നടത്തി. മേയ് 10 ഓടെ 1200 ഐ.സി.യു കിടക്കകള്‍ കൂടി ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, ഓക്സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്ക്കുന്നതില് കടുത്ത അതൃപ്തി ഹൈക്കോടതിയും പ്രകടിപ്പിച്ചു. തുച്ഛമായ വിലയ്ക്ക് ലഭിക്കേണ്ട സിലിണ്ടറുകള്‍ക്ക് ജനങ്ങള്‍ ലക്ഷങ്ങള്‍ നല്‍കേണ്ടിവരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടല്‍. കരിഞ്ചന്ത അവസാനിപ്പിക്കാന്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാനും ഹൈക്കോടതി ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കരിഞ്ചന്തക്കാരെ കസ്റ്റഡിയില്‍ എടുക്കണം. ലക്ഷങ്ങള്‍ വാങ്ങിയാണ് ഓക്സിജന്‍ വില്‍പ്പന. ഇവരുടെ പ്ലാന്റുകള്‍ പിടിച്ചെടുക്കണം. മനുഷ്യ ജീവന് കൊണ്ട് കളിക്കാന്‍ ആരെയും അനുവദിക്കരുത്. അതിനുള്ള അധികാരം സര്‍ക്കാരിനുണ്ട്. ഓക്സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടി ദ്വാരകയിലെ വെങ്കടേശ്വര ആശുപത്രി സമര്‍പ്പിച്ച ഹര്‍ജിയിലും കോടതി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി. ഉദ്യോഗസ്ഥരുമായി സംസാരിച്ച് ആശുപത്രിക്ക് ഓക്സിജന്‍ ഉറപ്പാക്കുമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് രാഹുല്‍ മെഹ്റ അറിയിച്ചു.






