
ചേര്‍ത്തല: നിര്‍മാണം പൂര്‍ത്തിയാകുന്ന ദേശീയപാത മേല്‍പ്പാലത്തില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. വാഹനയാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നിര്‍മാണത്തിലെ പാളിച്ചയാണ് കുഴപ്പത്തിന് കാരണമെന്നാരോപിച്ച് നാട്ടുകാര്‍ രംഗത്ത്. പതിനൊന്നാം മേല്‍പ്പാലത്തിലാണ് ഇന്നലെ വൈകിട്ട് വാഹനങ്ങള്‍ കടന്നു പോകുന്നതിനിടെ ആഴത്തിലുള്ള കുഴി രൂപപ്പെട്ടത്.
ഈ സമയം വാഹനങ്ങള്‍ മേല്പ്പാലത്തിലുടെ കടന്നുപോകുന്നുണ്ടായിരുന്നു. യാത്രക്കാരടക്കം വഴിമാറി സഞ്ചരിച്ചതിനാല്‍ അപകടം ഒഴിവായി. മേല്‍പ്പാലത്തിന് മധ്യഭാഗത്തിന് തെക്കാണ് കുഴി രൂപപ്പെട്ടത്. നിര്‍മാണം ഏറെ പൂര്‍ത്തിയാക്കി ആഴ്ചകള്‍ക്ക് മുന്‍പാണ് മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഇനി ചെറിയ ജോലികളാണ് അവശേഷിക്കുന്നത്. വേമ്പനാട് കായലില്‍നിന്ന് കുഴിച്ചെടുത്ത ചെളിയും മണലും അടക്കം ഉപയോഗിച്ചാണ് മേല്‍പാലത്തിന്റെ ഭാഗങ്ങളില്‍ റോഡ് ഉയര്‍ത്തിയിട്ടുള്ളത്.
കല്ല് നിര്‍ത്തിയിട്ടുള്ള പാതയുടെ ഇരു ഭാഗങ്ങളുടെ മണലും മറ്റും പുറത്തേക്ക് ഒഴുകുന്നത് വ്യാപകമായിരുന്നു. ഇത്തരത്തില്‍ മണല്‍ ഒഴുകിയതു മൂലം കുഴി രൂപപ്പെട്ടതാകാ മെന്നാണ് പ്രദേശവാസികളുടെ നിഗമനം. മണല്‍ ഒഴുകുന്ന ഭാഗങ്ങള്‍ പിന്നീട് സിമെന്റ് വച്ച് അടച്ചുവെങ്കിലും പ്രയോജനപ്പെട്ടിട്ടില്ല എന്നാണ് സൂചന. പാതയുടെ ഏറ്റവും ഉയരഭാഗത്താണ് കുഴി രൂപപ്പെട്ടിട്ടുള്ളത്.
അശാസ്ത്രീയമായ നിര്‍മാണമാണ് ഇതിന് കാരണമെന്നും ശാസ്ത്രീയ പഠനം നടത്തി കുഴി രൂപപ്പെടുവാനുണ്ടായ കാരണം കണ്ടെത്താതെ മൂടാന്‍ അനുവദിക്കില്ലെന്നുമാണ് നാട്ടുകാരുടെ നിലപാട്. ദേശീയ പാത അതോറിട്ടി ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.






