
തിരുവനന്തപുരം: ചിറയിൻകീഴിൽ നാല് ദിവസം പഴക്കമുള്ളതായി കരുതുന്ന മൃതദേഹം കണ്ടെത്തി. കാപ്പ കേസ് പ്രതിയായിരുന്ന മിന്നൽ ഫൈസലിന്റെ മൃതദേഹമാണ് ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
അടുത്തിടെയാണ് മിന്നൽ ഫൈസൽ ജയിൽ മോചിതനായത്. മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാൽ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തിൽ അസ്വാഭാവികതയുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. കാപ്പ കേസ് പ്രതിയായിരുന്നതിനാൽ എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. കൊലപാതക സാധ്യത തള്ളിക്കളയാനാകില്ലെന്നും ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായ ശേഷമേ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.






