
തൃശൂര്‍ : തൃശൂരില്‍നിന്ന് എറണാകുളത്തേക്കു കടത്തുകയായിരുന്ന കുഴല്‍പ്പണം വാഹനം തടഞ്ഞ് കവര്‍ന്ന കേസില്‍ അറസ്റ്റിലായ ബാബുവിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ 23 ലക്ഷം രൂപയും മൂന്നു പവന് സ്വര്‍ണവും കണ്ടെത്തി. മോഷ്ടിച്ച പണത്തിന്റെ ഭാഗമാണ് ഇതെന്നു സംശയിക്കുന്നു. പണം കോടതിയില്‍ ഹാജരാക്കും. 25 ലക്ഷം കവര്‍ന്നെന്നായിരുന്നു പരാതി.
കവര്‍ച്ചയില്‍ പോലീസുകാര്‍ക്കും പങ്കുണ്ടെന്ന സൂചന ലഭിച്ചതോടെ പോലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. നാലുകോടിയോളം രൂപ തട്ടിയെടുക്കാനുള്ള പദ്ധതി സന്ദേശം അബദ്ധത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ സാമൂഹിക മാധ്യമ ഗ്രൂപ്പില്‍ എത്തിയതോടെയാണു പാളിയതെന്നു സംശയമുണ്ട്. കുഴല്പ്പണത്തട്ടിപ്പുകാരെ സഹായിക്കുന്ന ചില പോലീസുകാരുടെ കൈയില്‍നിന്ന് സന്ദേശം പോലീസ് ഗ്രൂപ്പിലേക്കു മാറിപ്പോയതാണെന്നാണു കരുതുന്നത്. ഇതാണു രഹസ്യാന്വേഷണവിഭാഗം അന്വേഷിക്കുന്നത്.
പണം നഷ്ടപ്പെട്ടെന്ന പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരിയായ ധര്‍മരാജനെ പോലീസ് ചോദ്യം ചെയ്തു. ഇയാളുടെ ഉന്നത രാഷ്ട്രീയ ബന്ധം അറിവായിട്ടുണ്ട്. ഇയാളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചുവരുന്നു. കൊടകരയില്‍വച്ച് വാഹനം തട്ടിയെടുത്ത് പണം കവര്‍ന്നതായി ധര്‍മരാജന്റെ ഡ്രൈവറായ ഷംജീറാണു പോലീസില്‍ പരാതി നല്‍കിയത്. കാറുകളിലെത്തിയ സംഘം വ്യാജ അപകടമുണ്ടാക്കി 25 ലക്ഷം രൂപ കവര്‍ന്നെന്നായിരുന്നു പരാതി. കാറില്‍ ഇതില്‍ കൂടുതല്‍ പണമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കാറില്‍ പണവുമായി പോകുന്ന വിവരം കവര്‍ച്ചാസംഘത്തിന് ചോര്‍ത്തി നല്‍കിയത് ഷംജീറിന്റെ സഹായി റഷീദാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഏപ്രില്‍ മൂന്നിനാണു കൊടകരയില്‍ വച്ചു പണം തട്ടിയെടുത്തത്. ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഴല്‍പ്പണം കവര്‍ച്ച പതിവാക്കിയ ക്വട്ടേഷന്‍ സംഘാംഗങ്ങളാണു പിടിയിലായത്. ധര്‍മരാജന്റെ ഉന്നത രാഷ്ട്രീയബന്ധവും അന്വേഷിക്കുന്നു. സംഭവത്തിലെ രാഷ്ട്രീയബന്ധം പറയാറായിട്ടില്ലെന്ന് എസ്.പി. പൂങ്കുഴലി പറഞ്ഞു.
തെരയുന്ന മൂന്നുപേരെക്കൂടി കിട്ടിയാലേ ഇതു വ്യക്തമാകൂ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ കുഴല്‍പ്പണക്കവര്‍ച്ചക്കേസില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മുകളില്‍നിന്നു നിര്‍ദേശമുണ്ടെന്നു പോലീസ് സൂചിപ്പിക്കുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു ഫണ്ടാണ് കവര്‍ന്ന കുഴല്‍പ്പണമെന്ന ആരോപണവുമായി സി.പി.എം. രംഗത്തെത്തിയിരുന്നു. ഇതു ബി.ജെ.പി. നിഷേധിക്കുകയും ചെയ്തു.






