
കൊല്ലത്ത് ജീവനോടെയുള്ളയാളുടെ മരണാനന്തരച്ചടങ്ങുകൾക്കെന്ന പേരിൽ പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ഇരവിപുരം കയ്യാലക്കൽ സ്വദേശി സജീവിന്റെയും ഭാര്യയുടെയും പരാതിയിലാണ് ഇരവിപുരം സ്വദേശി നിസാമിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഇത്തരത്തിൽ 19,000 രൂപ സമാഹരിച്ചതായാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന സജീവ് മരിച്ചതായും മരണാനന്തരച്ചടങ്ങുകൾക്കായി സാമ്പത്തിക സഹായം ആവശ്യമാണെന്നും പറഞ്ഞ് നിസാം ശബ്ദസന്ദേശം പ്രചരിപ്പിച്ചെന്നാണ് പരാതി. ചിലരെ നേരിട്ട് ഫോണിൽ വിളിച്ചും പണം ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നിസാമിനെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇവർ പണപ്പിരിവ് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയെങ്കിലും, അസുഖബാധിതനായ സജീവിന്റെ ചികിത്സാ ചെലവിനായാണ് പണം സമാഹരിച്ചതെന്നാണ് ഇവരുടെ വിശദീകരണം. ചോദ്യം ചെയ്യലിന് ശേഷം മൂന്നുപേരെയും പൊലീസ് വിട്ടയച്ചു. അന്വേഷണം തുടരുകയാണ്.






