
മലപ്പുറം കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് എട്ട് പവൻ സ്വർണം കാണാതായ സംഭവത്തിൽ മുൻ എസ്.എച്ച്.ഒ എം. അബ്ബാസലിയെ സസ്പെൻഡ് ചെയ്തു. കൊണ്ടോട്ടി എ.എസ്.പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടുതൽ അന്വേഷണത്തിന് മലപ്പുറം ഡിവൈ.എസ്.പി.യെ ചുമതലപ്പെടുത്തി.
പാലക്കാട് സൗത്ത് എസ്.എച്ച്.ഒ ആയിരിക്കെ മറ്റൊരു കൃത്യവിലോപത്തിൽ ഇയാൾ നേരത്തെയും സസ്പെൻഷനിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ലഭിച്ച് നാട്ടുകാർ പൊലീസിന് കൈമാറിയ സ്വർണാഭരണങ്ങളാണ് സ്റ്റേഷനിൽ നിന്ന് കാണാതായത്. മാല, കൈചെയിൻ, കമ്മൽ, മോതിരം എന്നിവ ഉൾപ്പെടെ 2018 മുതൽ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടമായത്.
2026 ഫെബ്രുവരിയിൽ രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിലാണ് സ്വർണം കാണാതായ വിവരം ആദ്യമായി പുറത്തുവന്നത്. ഏകദേശം പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടമായ സംഭവം ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് വിലയിരുത്തപ്പെടുന്നു.






