
ബിജെപി ഐടി സെല്ലില്‍ നിന്നും വധഭീഷണി നേരിടുന്ന നടന് സിദ്ധാര്‍ത്ഥിന് പിന്തുണയുമായി മലയാള നടി പാര്‍വതി തിരുവോത്ത്. നിരന്തരം ബിജെപിയെയും നരേന്ദ്രമോഡിയെയും വിമര്‍ശിക്കുന്നതിന്റെ പേരില്‍ അസഭ്യം പറയല്‍ മുതല്‍ വധഭീഷണി വരെ നേരിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥ് വ്യക്തമാക്കിയതിന് പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ച് പാര്‍വതി ട്വിറ്ററില്‍ എത്തിയത്.
സിദ്ധാര്‍ത്ഥിന് എല്ലാ വിധ പിന്തുണ നല്‍കുന്നതായും കരുത്തോടെ മുമ്പോട്ട് പോകാനും ആഹ്വാനം ചെയ്ത പാര്‍വ്വതി താങ്കള്‍ക്കൊപ്പം ഞങ്ങളുടെ ഒരു പട തന്നെയുണ്ടെന്നും കുടുംബത്തിന് എല്ലാവിധ സ്നേഹവും പിന്തുണയും അര്‍പ്പിക്കുന്നതായും നടി ട്വീറ്റില്‍ കുറിച്ചു. കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയും പല നയങ്ങള്‍ക്കെതിരെയും നിരന്തരം ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്ന നടനാണ് സിദ്ധാര്‍ത്ഥ്. അധികാരത്തില്‍ നിന്നും ബിജെപിയെ ഇറക്കുമ്പോള്‍ രാജ്യം യഥാര്‍ത്ഥത്തില്‍ വാക്സിനേറ്റഡ് ആകുമെന്നായിരുന്നു ഒടുവില്‍ നടന് നടത്തിയ വിമര്‍ശനം.
നമ്മള് കോവിഡിനെ അതിജീവിച്ചേക്കാം പക്ഷേ ഇത്തരം ആളുകളെ നമ്മള് അതിജീവിക്കുമോ എന്നും ചോദിച്ചു. സാമൂഹ്യാ മാധ്യമങ്ങളില്‍ നടത്തുന്ന വിമര്‍ശനത്തിന്റെ പേരില്‍ അസഭ്യം മുതല്‍ ബലാത്സംഗ ഭീഷണിയും കൊല്ലുമെന്ന ഭീഷണിയും വരെ തനിക്കും കുടുംബത്തിനുമെതിരെ ഉണ്ടായെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ഞൂറിലധികം ഫോണ്‍ വിളികള്‍ വന്നതായും സിദ്ധാര്‍ത്ഥ് സമൂഹ മാധ്യമങ്ങളില്‍ വെളിപ്പെടുത്തി.
തന്റെ ഫോണ്‍ നമ്പര്‍ തമിഴ്നാട്ടിലെ ബിജെപിയും ബിജെപിയുടെ ഐടി സെല്ലും ചേര്‍ന്ന് ചോര്‍ത്തിയെന്നും ഭീഷണി കോളുകള്‍ വന്ന എല്ലാ ഫോണ്‍ നമ്പറുകളും ബിജെപിയുമായി ബന്ധമുള്ളവയാണെന്നും പൊലീസിന് കൈമാറിയെന്നും നടന് പറഞ്ഞിരുന്നു. ഇയാള്‍ ഇനി ഒരിക്കലും വാ തുറക്കരുത് എന്ന് കുറിച്ച തനിക്കെതിരേ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടും ട്വീറ്റില്‍ ഇട്ടു. നേരത്തേ യുപി മുഖ്യമന്ത്രി ആദിത്യനാഥിനെ വിമര്‍ശിച്ചതും നടനെതിരേ ശത്രുത കൂട്ടിയിട്ടുണ്ട്.






