
ഭോപ്പാൽ: 2025ലെ വഖഫ് ഭേദഗതി നിയമപ്രകാരമുള്ള വ്യവസ്ഥകൾ നടപ്പാക്കി മധ്യപ്രദേശ് സർക്കാർ സംസ്ഥാന വഖഫ് ബോർഡ് പുനസംഘടിപ്പിച്ചു. ഹിന്ദു വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തിയ പുതിയ ബോർഡ് രൂപീകരിച്ചതോടെ, പുതിയ വഖഫ് നിയമപ്രകാരം ബോർഡ് പുനസംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറി.
മുഖ്യമന്ത്രി മോഹൻ യാദവ് നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് 10 അംഗ വഖഫ് ബോർഡിന് രൂപം നൽകിയത്. സൻവാർ പട്ടേലിനെ ചെയർമാനായി നിയമിച്ച ബോർഡിൽ മനോജ് മൽപാനിയും അനിമേഷ് ഭാർഗവും ഹിന്ദു അംഗങ്ങളായി ഇടംപിടിച്ചു. ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം സർക്കാർ ഞായറാഴ്ച പുറത്തിറക്കി.
വഖഫ് ഭേദഗതി നിയമപ്രകാരം സംസ്ഥാന വഖഫ് ബോർഡിൽ മുസ്ലിം ഇതര മതവിഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങളെയും ഉൾപ്പെടുത്തണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ നിയമപ്രകാരം വഖഫ് ബോർഡ് പുനസംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശെന്ന് സർക്കാർ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പി.ടി.ഐയോട് അറിയിച്ചു.
വഖഫ് നിയമത്തിലെ സെക്ഷൻ 12(1) അനുസരിച്ചാണ് ബോർഡ് പുനസംഘടിപ്പിച്ചത്. പുതിയ ബോർഡിൽ നജ്മ ഹെപ്തുള്ള, ആതിഫ് അഖീൽ, ഫൈസാൻ ഖാൻ, ഫാത്തിമ ചൗധരി, ഷയ്സ്ത സുൽത്താൻ, ഷബാന ഖാൻ, മനോജ് മൽപാനി, അനിമേഷ് ഭാർഗവ എന്നിവർ അംഗങ്ങളാണ്. പിന്നാക്ക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് കമ്മീഷണർ ബോർഡിലെ എക്സ്-ഓഫീഷ്യോ അംഗമായി പ്രവർത്തിക്കും.






