
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ നിരക്ക് 1700 ല്‍ നിന്ന് 500 ആയി കുറച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇനി മുതല്‍ പുതുക്കിയ നിരക്കാവും ലാബുകള്‍ ഈടാക്കുക. കഴിഞ്ഞ ദിവസം നിരക്ക് കുറച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും പഴയ നിരക്ക് ഈടാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
വ്യാഴാഴ്ചയാണ് 1700 രൂപയില്‍ നിന്നും 500 രൂപയാക്കിയാണ് നിരക്ക് കുറച്ചത്. എന്നാല്‍ വെള്ളിയാഴ്ചയും സ്വകാര്യലാബുകള്‍ പഴയനിരക്കാണ് ഈടാക്കി. സര്‍ക്കാരില്‍ നിന്നും ഇതുവരെ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും, ഉത്തരവ് പുറപ്പെടുവിക്കുംവരെ പഴയ നിരക്ക് ഈടാക്കുമെന്നുമാണ് സ്വകാര്യ ലാബുടമകള്‍ പ്രതികരിച്ചത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തിരമായി ഉത്തരവ് പുറപ്പെടുവിച്ചത്.
കോവിഡ് ആരംഭകാലത്ത് ആര്‍ടിപിസിആര്‍ നിരക്ക് 4500 രൂപയായിരുന്നു. സര്‍ക്കാര്‍ ഉത്തരവിലൂടെ നാലു തവണയായി കുറച്ച് 1500 രൂപയിലെത്തിച്ചു. എന്നാല്‍ ആ നിരക്കില്‍ പരിശോധന പ്രായോഗികമല്ലെന്ന് കാണിച്ച് സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിച്ചു. സ്വാബ് എടുക്കല്‍, പരിശോധനക്കാവശ്യമായ മറ്റ് ചെലവുകള്‍, ഡാറ്റ എന്‍ട്രി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടി കാണിച്ചായിരുന്നു ഹര്‍ജി. ഇത് പരിഗണിച്ച കോടതി ലാബ് ഉടമകളും, സര്‍ക്കാരുമായി ചര്‍ച്ച നടത്തി 200 രൂപാ കൂട്ടി 1700 ആയി ഉയര്‍ത്തി. പരിശോധനാ കിറ്റും മറ്റ് വസ്തുക്കളും 135 മുതല്‍ 240 രൂപക്ക് വിപണിയില്‍ ലഭിക്കുമെന്ന് കാണിച്ചാണ് ഇപ്പോള്‍ 1700 ല്‍ നിന്ന് നിരക്ക് 500 ആയി കുറച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ മേഖലയില്‍ ആര്‍ടിപിസിആര്‍ ഉള്‍പ്പെടെ എല്ലാ പരിശോധനയും സൗജന്യമാണ്.






