
തിരുവനന്തപുരം: കേരളത്തില്‍ പതിവ് തെറ്റിച്ച് എല്‍ഡിഎഫ് ഭരണതുടര്‍ച്ച നേടുമ്പോള്‍ വിജയമാകുന്നത് പിണറായി എഫക്ടും തന്ത്രങ്ങളും. മന്ത്രിമാര്‍ ഉള്‍പ്പെടെ രണ്ടു ടേം കഴിഞ്ഞവരെ ഒഴിവാക്കണം എന്ന പിണറായിയുടെ തീരുമാനം ശരിയായി. കേരളമാകെ ഇടതു തരംഗത്തില്‍ മുങ്ങിയപ്പോള്‍ പരീക്ഷണം കൊണ്ടുവന്ന എല്ലാ സീറ്റിലും വന്‍വിജയം നേടാന്‍ ഇടതു മുന്നണിക്കായി.
സിപിഎമ്മും സിപിഐയിലും ഇതേ മാനദണ്ഡമായിരുന്നു. തന്ത്രം തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ വലിയ വിവാദം ഉയര്‍ത്തുകയും ആലപ്പുഴ ജില്ലയില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. അഴിമതി പുരളാത്ത നേതാവ് എന്ന ഖ്യാതിയുള്ള മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കിനും വരെ മത്സരിക്കാന്‍ സീറ്റ് നല്കാതിരുന്നപ്പോള് അനേകരുടെ കണ്ണു തള്ളിയിരുന്നു. ഇരുവരും മത്സരിക്കാതിരിക്കുന്നത് ആലപ്പുഴ ജില്ലയിലെ മുഴുവന്‍ ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കും തിരിച്ചടിയാകുമെന്ന വിലയിരുത്തലുകള്‍ പോലുമുണ്ടായി. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനമായിരുന്നു ശരിയെന്നാണ് ഫലങ്ങള്‍ നല്കിയ സൂചന.
അമ്പലപ്പുഴയില്‍ ജി. സുധാകരന്റെ പകരക്കാരനായി വന്ന എച്ച് . സലാം വന്‍ വിജയമാണ് നേടിയത്. 10,000 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ ലിജുവിനെ സലാം പിന്നിലാക്കിയത്. ആലപ്പുഴയില്‍ തോമസ് ഐസകിന്റെ പകരക്കാരനായി മത്സരിച്ച പി.പി. ചിത്തരജ്ഞന് യുഡിഎഫിലെ കെ. എസ്. മനോജിന് മേല്‍ വിജയം നേടി. പി. തിലോത്തമന് മാറി സിപിഐ ചേര്‍ത്തലയില്‍ പരീക്ഷിച്ച പി. പ്രസാദും വിജയിച്ചു. 7000 വോട്ടുകള്‍ക്കായിരുന്നു ജയം.
തൃശൂരില്‍ മന്ത്രി വി.എസ്. സുനില്‍കുമാറിന് പകരം പി. ബാലചന്ദ്രന് മത്സരിക്കാനെത്തിയപ്പോഴും ആള്ക്കാര് നെറ്റി ചുളിച്ചു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ആദ്യം പത്മജയും രണ്ടാമത് സുരേഷ്ഗോപിയും ലീഡ് നേടിയപ്പോള്‍ അപ്പോഴേ പറഞ്ഞതല്ലേ എന്ന ഫീല്‍ വരികയും ചെയ്തു. പക്ഷേ അവസാന ഘട്ടം ലീഡ് മാറി മറിഞ്ഞപ്പോള്‍ വിജയം 946 വോട്ടുകള്‍ക്ക് ബാല ചന്ദ്രനായി. പത്മജ രണ്ടാമതും സുരേഷ്ഗോപി മൂന്നാമതേയ്ക്കും വീണു.
മന്ത്രി എ.കെ. ബാലന് പകരം തരൂരില്‍ ജമീല മത്സരിക്കുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ വന്‍ വിവാദം ഉണ്ടാക്കിയ ശേഷമാണ് പി.പി. സുമോദിനെ പാലക്കാട്ടെ തരൂരില്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയാക്കിയത്. 20,000 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിലാണ് സുമോദ് വിജയിച്ചത്. കെ. രാജുവിനെ മാറ്റി സിപിഐ പുനലൂരില്‍ ഇത്തവണ പരീക്ഷിച്ചത് പി.എസ്. സുപാലിനെയായിരുന്നു. 12,000 വോട്ടുകള്‍ക്കാണ് സുപാല്‍ വിജയിച്ചത്.
കണ്ണൂരില്‍ ഇ.പി. ജയരാജനെ മാറ്റിയതും വിവാദമുണ്ടാക്കിയിരുന്നു. മട്ടന്നൂരില്‍ 60,000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സിപിഎമ്മിന്റെ ശൈലജ ടീച്ചര്‍ വിജയിച്ചത്. സി. രവീന്ദ്രനാഥിനും ഇത്തവണ സിപിഎം സീറ്റ് നല്‍കിയില്ല. പകരം പുതുക്കാട് പരീക്ഷിച്ചത് കെ.കെ. രാമചന്ദ്രനെ ആയിരുന്നു. 27,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്ന രാമചന്ദ്രന് വിജയം നേടിയത്.
രണ്ടു തവണ മത്സരിച്ച എംഎല്‍എ മാരില്‍ ചിലരേയും ഇത്തവണ സിപിഎമ്മും സിപിഐ യും ഒഴിവാക്കിയിരുന്നു. വൈപ്പിനില്‍ ഏറെ സ്വാധീനമുള്ള എസ് ശര്‍മ്മയ്ക്ക് പകരം മത്സരിക്കാനെത്തിയത് കെ. എന്‍. ഉണ്ണികൃഷ്ണന് ആയിരുന്നു. വിജയം നേടി. സി. ദിവാകരന് പകരം സിപിഐ നെടുമങ്ങാട് പരീക്ഷിച്ച ജി. ആര്. അനിലിനും വിജയം നേടാനായി. 23,000 വോട്ടിനായിരുന്നു ജയം.
വന്‍ വിവാദം ഉയര്‍ത്തി രാജു ഏബ്രഹാമിന് പകരം റാന്നിയില്‍ പരീക്ഷിച്ച പ്രമോദ് നാരായണന്... കേരളാ കോണ്‍ഗ്രസ് ജോസ്പക്ഷം സ്ഥാനാര്‍ത്ഥിയായിരുന്നു. എ. പ്രദീപ് കുമാറിന് പകരം കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ കൊണ്ടുവന്ന തോട്ടത്തില്‍ രവീന്ദ്രനും സിപിഎം സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. ഗുരുവായൂരില്‍ കെ.വി. അബ്ദുള്‍ ഖാദറിന് പകരം സിപിഎം പരീക്ഷിച്ച കെ. എന്‍. അക്ബറും വിജയിച്ചു
അതേസമയം ചാലക്കൂടിയില്‍ ബി.ഡി. ദേവസിയ്ക്ക് പകരം പരീക്ഷിച്ച ഡെന്നീസ് കെ ആന്‍ണിക്ക് വിജയം നേടാനായില്ല. യുഡിഎഫിന്റെ സനീഷ് ആന്റണിയായിരുന്നു ജയിച്ചത്. അതേസമയം തീരുമാനം പൂര്‍ണ്ണമായും തെറ്റാണെന്ന് പറയാനാകില്ല. നേരിയ ഭൂരിപക്ഷത്തിലായിരുന്നു ജയം. ദേവികുളത്ത് എസ് രാജേന്ദ്രന്റെ പകരക്കാരനായി അവതരിപ്പിച്ച എ രാജ 7000 വോട്ടുകള്‍ക്കാണ് ജയിച്ചത്.
ഐഷാ പോറ്റി പതിവായി മത്സരിച്ചിരുന്ന കൊട്ടാരക്കരയില്‍ സിപിഎം ഇറക്കിയ കെ. എന്‍. ബാലഗോപാല്‍ വിജയിച്ചു. ഉദുമയില്‍ കെ കുഞ്ഞിരാമന് പകരം മത്സരിച്ച സിഎച്ച് കുഞ്ഞമ്പുവും പയ്യന്നൂരില്‍ സി. കൃഷ്ണന് പകരക്കാരനായ ടി.ഐ. മധുസൂധനനും വിജയിച്ചു. ടിവി. രാജേഷിന് പകരം കല്യാശേരിയില്‍ വന്ന എം. വിജിനും ജെയിംസ് മാത്യുവിന് പകരം തളിപ്പറമ്പില്‍ ത്സേരിച്ച എം.വി. ഗോവിന്ദനും വിജയിച്ചു. കെ ദാസനെ മാറ്റി കൊയിലാണ്ടിയില്‍ നിര്‍ത്തിയ കാനത്തിന് ജമീല പുരുഷന് കടലുണ്ടിക്ക് പകരം ബാലുശ്ശേരിയില്‍ കൊണ്ടുവന്ന സച്ചിന് ദേവും ഉജ്വല വിജയം നേടി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ മാറ്റി പൊന്നാനിയില്‍ പി. നന്ദുകുമാറിനെ മത്സരിപ്പിച്ചതും വിജയമായി.
കോട്ടയത്ത് കെ. സുരേഷ് കുറുപ്പിന് പകരം ഏറ്റുമാനൂരില്‍ വി.എന്‍. വാസവന് മത്സരിച്ച് ജയിച്ചപ്പോള്‍ ആര്. രാജേഷിന് പകരം മാവേലിക്കരയില്‍ മത്സരിച്ച എം. എസ്. അരുണ്‍ കുമാര്‍ ആറ്റിങ്ങലില്‍ ബി സത്യന് പകരം പരീക്ഷിച്ച ഒഎസ് അംബിക എന്നിവരും വിജയം നേടി. ഇ.എസ്. ബിജിമോള്ക്ക പകരം പീരുമേട് സിപിഐ ഇത്തവണ അവസരം നല്‍കിയത് വാഴൂര്‍ സോമനായിരുന്നു.






