
തിരുവനന്തപുരം: വന്‍ വിജയംനേടി അധികാരത്തിലേറാന്‍ പോകുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 18-ന് നടക്കും. 2016 മെയ് 25നാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ദ്രുതഗതിയില്‍ സത്യപ്രതിഞ്ജ നടത്തേണ്ടെന്നാണ് തീരുമാനം എടുത്തിരിക്കുന്നത്. പരമാവധി 21 മന്ത്രിമാര്‍ ഉണ്ടായേക്കുമെന്ന് കരുതുന്ന മന്ത്രിസഭയില്‍ സിപിഐ യ്ക്ക് നാലു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും നല്‍കിയേക്കും.
ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനം എടുത്തത്. കോവിഡ് സാഹചര്യത്തില്‍ ഉടന്‍ സത്യപ്രതിജ്ഞ വേണ്ടെന്ന തീരുമാനം മുഖ്യമന്ത്രി തന്നെ യോഗത്തില്‍ വ്യക്തമാക്കുകയായിരുന്നു. ഇക്കാര്യം എല്ലാവരും അംഗീകരിച്ചു. അതേസമയം പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന മന്ത്രിസഭയാകും എത്തുമെന്നാണ് കരുതുന്നത്.
മന്ത്രിസ്ഥാനത്തേക്കുള്ള പേരുകള്‍ സംബന്ധിച്ച കാര്യം യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് വിവരം. എത്ര മന്ത്രിമാര്‍ വേണമെന്ന കാര്യത്തില്‍ തീരുമാനം എടുത്ത ശേഷമായിരിക്കും ഇക്കാര്യം തീരമാനം എടുക്കുക. ഇതിനായി മറ്റ് കക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളാണ് ഇനി നടക്കേണ്ടിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കും. 17ന് രാവിലെ എൽഡിഎഫ് യോഗം ചേർന്ന് ഏതൊക്കെ പാർട്ടികൾക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തിൽ തീരുമാനമെടുക്കും. 18ന് രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും പിന്നാലെ സിപിഎം സംസ്ഥാന സമിതിയും എകെജി സെൻ്ററിൽ ചേരും.
പ്രധാന കക്ഷികളായ സിപിഐ യുടെ നേതൃയോഗം 15 ശേഷമായിരിക്കും ചേരുക. ഈ യോഗത്തിലാകും സിപിഐ തീരുമാനം എടുക്കുക. സിപിഐയിലും ഭൂരിഭാഗം പേരും പുതുമുഖങ്ങളാകും. അതേസമയം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് വീണ്ടും അവസരം നല്‍കണമെന്ന് അഭിപ്രായം ഉയരുന്നുണ്ട്. ഇന്നലെ വൈകിട്ട് സിപിഎമ്മിന്റെ പിബി യോഗം നടന്നിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ പങ്കെടുത്ത യോഗം ഓണ്‍ലൈനായിട്ടായിരുന്നു നടന്നത്. യോഗത്തില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് തീരുമാനം എടുത്തിരുന്നു.






