
ക്രിസോസ്റ്റം എന്ന വാക്കിന്റെ അര്ത്ഥം 'സ്വര്ണ നാവ്'. നാവില് പൊന്നുവിളയുന്ന സംസാരം കൊണ്ട് എല്ലാവരേയും വശത്താക്കിയ ഒരാളുണ്ട്. മാര്തോമ സഭയിലെ വലിയ മെത്രാപ്പോലീത്തയായ ഫീലിപ്പോസ് മാര് ക്രിസോസ്റ്റം തിരുമേനി. കേരള സഭയിലെ ആദ്യ ക്രിസോസ്റ്റം ആയ വലിയ തിരുമേനി 'മംഗളം ഓണ്ലൈന്' അനുവദിച്ച പ്രത്യേക അഭിമുഖത്തില് നിന്ന്.
? ഫീലിപ്പോസ് മാര് ക്രിസോസ്റ്റം മാര്ത്തോമ വലിയ മെത്രാപ്പോലീത്ത എന്ന ദീര്ഘമുള്ള പേര് സ്വീകരിക്കാന് കാരണം? മറ്റേതെങ്കിലും തിരുമേനിമാര്ക്ക് ഇത്തരം വലിയ പേരുകള് ഉണ്ടായിരുന്നോ?
മുന്പ് ഉണ്ടായിരുന്ന തിരുമേനിമാര്ക്കും വലിയ പേരുകള് ഉണ്ടായിരുന്നു. ഡല്ഹിയില് ഒരു മലയാളി സ്കൂളില് ഒരു ചടങ്ങിന് പോയി. മന്ത്രി മനേക ഗാന്ധിയും അവിടെ വന്നിട്ടുണ്ടായിരുന്നു. അന്ന് ഞങ്ങള് രണ്ടു പേരും ഓരോ മരം നട്ടു. മരത്തിനു മുന്നില് മനേക എന്നും ക്രിസോസ്റ്റം എന്നും എഴുതി. അപ്പോള് മനേക ഗാന്ധി പറഞ്ഞു, ബിഷപ്പ് ക്രിസോസ്റ്റം എന്ന് എഴുതണമെന്ന്. കാരണം, മരത്തിന്റെ പേര് ക്രിസോസ്റ്റമെന്ന് തെറ്റിദ്ധരിച്ചാലോ? ക്രിസോസ്റ്റം എന്ന പേര് ഇന്ത്യയില് അത്ര പോപ്പുലര് ആയിരുന്നില്ല.
മാര്ത്തോമ്മ മെത്രാപ്പോലീത്ത ആയിരുന്ന യൂഹാനോന് മാര്ത്തോമ്മയും മറ്റ് മെത്രാപ്പോലീത്തമാരും ചേര്ന്നാണ് ഈ പേര് നല്കിയത്. എനിക്ക് പ്രത്യേകിച്ച് പേരുകളൊന്നും ആഗ്രഹമുണ്ടായിരിന്നില്ല. അതിനു പ്രത്യേക യോഗ്യതയൊന്നും ഉള്ള ആളല്ല ഞാന്. നന്നായി വര്ത്തമാനം പറയും. നല്ല നാക്ക് ഉണ്ടല്ലോ. നാക്കുപയോഗിക്കുന്നവനാണെന്ന് അന്ന് തിരുമേനിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ക്രിസോസ്റ്റം എന്ന് സ്വീകരിക്കാന് തീരുമാനിച്ചു. ക്രിസോസ്റ്റം എന്ന് വിളിക്കാന് വലിയ താല്പര്യമുണ്ടായിരുന്നില്ല. കാരണം 'സ്വര്ണനാവ്' എന്നു പറഞ്ഞാല് ചലിക്കാന് പറ്റാത്ത നാവാണ്. സ്വര്ണം കൊണ്ടുണ്ടാക്കിയ നാവിന് അനക്കാന് പറ്റുമോ? നാവ് ഉപയോഗിക്കാന് അറിയാത്തവന് എന്നു വേണം പറയാന്.
? സഭയിലെ ആരാധാനക്രമത്തില് മാറ്റം വേണം, കുര്ബാന സമയം ചുരുക്കണം എന്നെക്കെ വാദങ്ങള് ഉയരുന്നു. അതില് കാര്യമുണ്ടോ?
സമയം കൂടിയ കുര്ബാനയും കുറഞ്ഞതും വേണമെന്നാണ് എന്റെ അഭിപ്രായം. അതൊക്കെ ഓരോ ആളുകളുടെ താല്പര്യമാണ്. സഭയില് ഭരണകര്ത്താക്കള്ക്കും ലോകം മുഴുവനും വേണ്ടി പ്രാര്ത്ഥിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള് കുര്ബാനയുടെ സമയം നീണ്ടുപോകുന്നത് സ്വഭാവികമാണ്.
?അന്നത്തെയും ഇന്നത്തെയും വിശ്വാസികളുടെ സ്വഭാവത്തില് മാറ്റമുണ്ടോ?
പണ്ടൊക്കെ സഭയില് ശുശ്രൂഷകള്ക്കാണ് പ്രാധാന്യം നല്കിയിരുന്നത്. ഇന്ന് സമ്പാദ്യത്തിനാണ് പ്രധാന്യം. കുറച്ചുകാലം മുന്പ് നടന്ന ഒരു സംഭവം ഓര്മ്മ വരുന്നു. ഞങ്ങളുടെ നാട്ടില് ഒരിടത്ത് ഒരു അമ്മ മരിച്ചു. അറിഞ്ഞവര് അറിഞ്ഞവര് ആ വീട്ടിലേക്ക് ഓടിവന്നു. ബന്ധുക്കളും സുഹൃത്തുകളും അക്കൂട്ടത്തിലുണ്ട്. പക്ഷേ പ്രാര്ത്ഥിക്കാന് അറിയാവുന്നവര് അവരില് ചുരുക്കമായിരുന്നു. ആ അമ്മയ്ക്ക് വേണ്ടി പ്രാര്ത്ഥിക്കാന് ഒരു വൈദികന് എത്തുന്നത് വരെ കാത്തിരിക്കേണ്ടിവന്നു അവര്ക്ക്. പ്രാര്ത്ഥനാശീലം കുറഞ്ഞതാണ് ഇതിനു കാരണം. കുടുംബ പ്രാര്ത്ഥനയുടെ വലിയ അനുഗ്രഹമാണ് പഴയ തലമുറയ്ക്കുണ്ടായിരുന്നത്. വെളുപ്പിനെ എഴുന്നേറ്റ് പ്രാര്ത്ഥിക്കുന്ന കുടുംബമായിരുന്നു ഞങ്ങളുടേത്. പാട്ട് കേട്ടാലുടന് മക്കളെല്ലാം എഴുന്നേല്ക്കണം. ഇല്ലെങ്കില് അടി തന്ന് എഴുന്നേല്പ്പിക്കും. കാലം മാറി. അത് ബന്ധങ്ങളിലും വിശ്വാസത്തിലും പ്രതിഫലിച്ചു. ഇന്നു പണക്കാര്ക്കും പാവപ്പെട്ടവര്ക്കും സമൂഹത്തിലുള്ള പരസ്പര കരുതുലും കുറഞ്ഞു.
കൂദാശകള് കുറുക്കുവഴിയിലൂടെ സ്വീകരിക്കാന് കഴിയുമോ എന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇന്റര്നെറ്റിലൂടെയും ടെലിവിഷനിലൂടെയും ശുശ്രൂഷയും കുര്ബാനയുമൊക്കെ കാണുന്ന പ്രവണത തുടങ്ങിയതോടെ മനുഷ്യര് തമ്മിലുള്ള ബന്ധത്തില് വിള്ളല് വരുന്നുണ്ട്. പണ്ടൊക്കെ പള്ളിയില് പോകുന്നുതുകൊണ്ട് എല്ലാവരുമായും നല്ല ബന്ധമുണ്ടായിരുന്നു.
ചിലര്ക്ക് പ്രാര്ത്ഥനയുടെ കാര്യത്തില് ആത്മവിശ്വാസം കുറവാണ്. പ്രാര്ത്ഥനയുടെ ഫലത്തില് അവര്ക്ക് ഉറപ്പില്ല. അടിയുറച്ച വിശ്വാസമില്ല. ദൈവത്തിന്റെ സഹായം വേണം. എന്നാല് തന്നെക്കൊണ്ട് കഴിയുകയുമില്ലെന്നറിയാം. ഇങ്ങനെയുള്ളവരാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രാര്ത്ഥനകള് അയക്കുന്നത്. ഈ പ്രാര്ത്ഥന ലൈക്ക് ചെയ്താല്, ഷെയര് ചെയ്താല് ഫലമുണ്ടാകുമെന്ന് അവര് പറയുന്നൂ. ദൈവം സഹായിക്കും എന്ന് ഉറച്ചബോധ്യമുണ്ടെങ്കില് ഈ രീതികള് ആരും പിന്തുടരില്ല.
? പേരുകളില് 'ഭാരതവത്കരണം' എന്ന പ്രവണത കൂടിവരുന്നു.
ഏതു പേരിടണമെന്ന് ആരെയും നിര്ബന്ധിക്കാനാവില്ല. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ? ക്രിസ്ത്യാനിക്ക് ഇന്ന പേര് വേണമെന്ന് നിര്ബന്ധമില്ല. പേര് കൊണ്ട് വര്ഗമുണ്ടാക്കരുത് എന്നു മാത്രമാണ് എനിക്ക് പറയാനുള്ളത്. ഓരോ പേരിനും ഓരോ പ്രത്യേകതകളുണ്ട്. രാജാവിനും പുരോഹിതനും ഒരേ പേര് ശരിയാണോ? ഓരോ ദൗത്യം ചെയ്യുന്നവര്ക്ക് അതനുസരിച്ചുള്ള പേരല്ലേ ഉചിതം.

? സഭയില് വനിത പൗരോഹിത്യത്തെ അനുകൂലിക്കുന്നുണ്ടോ?
സ്ത്രീകളെ അച്ചന്മാരാക്കുന്നതിനോട് വിരോധവുമില്ല. എന്നാല് അച്ചനാക്കാന് വേണ്ടി ചാവാന് ഞാന് തയ്യാറുമല്ല. ഇതെകുറിച്ച് ഒരു കഥ ചെറുപ്പക്കാര് പറയുന്നുണ്ട്. 'ഒരിക്കല് ഒരു വനിതയെ അച്ചനാക്കി. അവര് കല്യാണമൊക്കെ കഴിച്ച് ഗര്ഭിണിയായി. ഒരു കല്യാണത്തിന്റെ സമയത്ത് അവര്ക്ക് പ്രസവവേദനയായി. കല്യാണച്ചടങ്ങ് പകുതിയില് ഉപേക്ഷിച്ച് അവരേയുംകൊണ്ട് ആശുപത്രിയിലേക്ക് പോയി. വനിതാ അച്ചന് പ്രസവിക്കുകയും ചെയ്തു. കല്യാണപെണ്ണിനും ചെറുക്കനും കെട്ടാനും പറ്റിയില്ല'. ഇതായിരിക്കും സംഭവിക്കുക എന്നാണ് കഥ.
മക്കളുടെ സംരക്ഷണമാണ് അമ്മമാരുടെ ഏറ്റവും വലിയ കടമ. മാതാപിതാക്കള് ഐ.എ.എസുകാരായിരിക്കും. എന്നാല് മക്കളെ നോക്കുന്നത് നാലാം ക്ലാസ് പോലും പഠിക്കാത്ത ജോലിക്കാരായിരിക്കും. അമ്മമാര് മറ്റുള്ളവരുടെ മക്കളെ നഴ്സറിയില് പോയി പഠിപ്പിക്കും. സ്വന്തം മക്കളെ വേലക്കാരും നോക്കും അതാണ് സ്ഥിതി. 'ഹൗ ടു ലിവ്' അതാണ് അമ്മമാര് പഠിപ്പിക്കേണ്ടത്. എന്റെ അമ്മയ്ക്ക് വലിയ വിദ്യാഭ്യാസമുണ്ടായിരുന്നില്ല. എന്നാല് എന്റെ അമ്മയായിരുന്നു എനിക്ക് എല്ലാം. എന്റെ അഭിപ്രായത്തില് മക്കള്ക്ക് കൂടുതല് ഇഷ്ടം അമ്മയോടാണ്. പരീക്ഷാക്കാലത്ത് വെളുപ്പിനെ നാലു മണിക്ക് അമ്മ ഞങ്ങളെ വിളിച്ചുണര്ത്തുമായിരുന്നു. ഇടയ്ക്കിടെ വന്ന് ഞങ്ങള് പഠിക്കുന്നുണ്ടോയെന്ന് നോക്കും. അതുകൊണ്ട് തോല്ക്കണമെന്ന് ഞങ്ങള് ആഗ്രഹിച്ചാല് പോലും അന്നത് നടക്കില്ലായിരുന്നു. 17 വയസ്സുവരെ മാത്രമേ അമ്മയുടെ സ്നേഹവാത്സല്യം അനുഭവിക്കാന് എനിക്ക് കഴിഞ്ഞുള്ളൂ. അതിനാല് ആ നല്ല സ്വഭാവത്തെ പൂര്ണ്ണമായും പഠിക്കാനും എനിക്ക് കഴിഞ്ഞില്ല.
ഒരു കാര്യം ഞാന് ഉറപ്പിച്ച് പറയുന്നു. സ്ത്രീകള്ക്ക് ഒരു ദൗത്യമുണ്ട്. കുഞ്ഞുങ്ങളെ വളര്ത്തല്. ജീവിക്കാന് പഠിപ്പിക്കേണ്ടത് അമ്മയാണ്. അക്ഷരം പഠിക്കാന് ഇന്നത്തെ കാലത്ത് നഴ്സറി സ്കൂളില് പോയാലും മതി.
? തിരുമേനി എപ്പോഴും ഒരേ നിറത്തിലുള്ള ഡ്രസ്സും കുരിശുമാലയുമാണല്ലോ ധരിക്കുന്നത്. അതെന്താ അങ്ങനെ?
ഡ്രസ്സും മാലയുമൊക്കെ ഓരോരുത്തര് തരുന്നതാണ്. ബിഷപ്പായപ്പോള് സഭ പൊന്നുമാല തന്നു. എന്നാല് അത് എന്റെ കയ്യിലിരുന്നാല് കള്ളന് കൊണ്ടുപോകും. എനിക്ക് സൂക്ഷിക്കാന് കഴിയില്ല. അതുകൊണ്ട് തിരിച്ചുകൊടുത്തു. നിറമുള്ള മാലകള് ഒരുപാടുണ്ട്. പണ്ടൊക്കെ ഓരോരുത്തര് വന്ന് ചോദിക്കുമ്പോള് പഴയത് നോക്കി കൊടുക്കും. എന്നാല് അവര് നല്ലത് തരുമ്പോള് ഞാന് പഴയതുകൊടുക്കുന്നത് ശരിയാണോ എന്ന് പിന്നീട് ചിന്തിച്ചുതുടങ്ങി. അതുകൊണ്ട് ഡ്രൈവറോട് പറഞ്ഞിട്ടുണ്ട്. ആരെങ്കിലും മാല ചോദിച്ചാല് നല്ലത് തന്നെ നോക്കി എടുക്കാന് അനുവദിക്കണമെന്ന്. അവര് നല്ലതുതന്നെ നോക്കി എടുത്തോളും.
? കേരളത്തിലെ ബിഷപ്പുമാരില് അങ്ങ് മാത്രമാണ് കുപ്പായത്തിനടിയില് മുണ്ടു ധരിക്കുന്നത്. പ്രത്യേകിച്ച് എന്തെങ്കിലും കാരണം ഇതിലുണ്ടോ?
ഞാന് മുണ്ടുടുക്കാന് പഠിച്ച ആളാണ്. ഈ രാജ്യത്തെ പൗരനാണ്. വിദേശത്തുള്ളവരുടെ വേഷം അതേപടി അനുകരിക്കേണ്ടതുണ്ടോ? പക്ഷേ, കുറച്ചുകാലം ഞാന് പാന്റ്സ് ധരിച്ചിട്ടുണ്ട്.

സഭകള് തമ്മില് ഐക്യം ഉണ്ട്. എന്റെ അമ്മ വെളുത്തതാണ്. ഞാന് കറുത്തവനാണ്. എന്നാല് വെളുത്ത മകനേക്കാള് അമ്മയ്ക്ക് സ്നേഹം കൂടുതല് കറുത്തവനായ എന്നോടായിരുന്നുവെന്നും ക്രിസോസ്റ്റം പറയുന്നു. ഓരോ അമ്മയ്ക്കും മക്കള് തന്നെക്കാള് വലിയവരാകണമെന്നാണ് ആഗ്രഹം. അതുപോലെ തന്നെയാണ് സഭയും.
യേശു തന്റെ പ്രസംഗം കേള്ക്കാന് വന്ന ആരേയും തള്ളിക്കളഞ്ഞില്ല. അതുപോലെയാണ് സഭയും. എല്ലാ സഭാ മക്കളും തനിക്ക് സ്വീകര്യരാണ്. ഞാന് ഏക ദൈവവിശ്വാസിയാണ്. എന്നെ സൃഷ്ടിച്ച ദൈവം തന്നെയാണ് അവരേയും സൃഷ്ടിച്ചിരിക്കുന്നതെന്ന് വിശ്വസിക്കുന്നു.
? ഫ്രാന്സിസ് മാര്പാപ്പ സഭ പണ്ടുകാലങ്ങളില് ചെയ്ത തെറ്റുകള്ക്ക് മാപ്പപേക്ഷ നടത്തിയിട്ടുണ്ടല്ലോ?
-മാപ്പുചോദിക്കാന് ക്രിസ്ത്യാനി ആകണമെന്നില്ല. ക്രിസ്ത്യാനി ആയാല് നിശ്ചയമായും മാപ്പുചോദിക്കണം. തെറ്റ് തെറ്റാണെന്ന് സമ്മതിക്കണം. അതിനെ ന്യായീകരിക്കരുത്. ഞാനും മാപ്പ് ചോദിച്ചിട്ടുണ്ട്. ഒരു സംഭവം പറയാം. വളരെക്കാലം മുന്പ് കോലഞ്ചേരി സെന്റ് തോമസ് കോളജിലെ ഒരു അധ്യാപകനുമായി ഒരു കേസുണ്ടായി. അന്ന് ഞാനായിരുന്നു കോളജ് മാനേജര്. അധ്യാപകന് കേസ് കൊടുത്തു. ആ കേസ് തള്ളിക്കളയിക്കാമെന്ന് എന്റെ വക്കീല് പറഞ്ഞു. ഞാന് അയാളോട് ചെയ്തത് പരിപൂര്ണ്ണമായും ശരിയല്ല എന്ന് എനിക്ക് തോന്നി. ഞാന് അയാളെ വിളിച്ച് മാപ്പുപറഞ്ഞു. കേസ് കൊടുക്കേണ്ടിവന്നതില് ഖേദമുണ്ടെന്ന് അയാളും പറഞ്ഞു. ''തെറ്റുകള് സമ്മതിക്കുകയും മറ്റുള്ളവരുടെ അവകാശങ്ങള് ലംഘിക്കാതിരിക്കുകയും ചെയ്താല് ഈ ലോകം പകുതി സ്വര്ഗമാകും''.
? നാട്ടില് അസഹിഷ്ണുത വര്ധിക്കുന്നുണ്ടോ?
ഉണ്ട്. ആരെങ്കിലും ഒരാളെ കുറിച്ച് മറ്റൊരാളോട് നന്മ പറയുന്നുണ്ടോ. അപ്പോള് കേട്ടയാള്ക്ക് അസഹിഷ്ണുത ഉണ്ടാകും. സ്വാഭാവികമാണ്. സഭയിലും അങ്ങനെ തന്നെയാണ്. ലോകം മുഴുവനും ഇതുണ്ട്. ബിഷപ്പുമാര് തമ്മിലും അസഹിഷ്ണുതയുണ്ട്. എന്നോട് ആര്ക്കെങ്കിലും അസഹിഷ്ണുതയുണ്ട് എന്ന് തോന്നുന്നില്ല. കാരണം എനിക്ക് അത്ര കഴിവൊന്നുമില്ല. അതുകൊണ്ട് വിഷമവുമില്ല.
?രാജ്യങ്ങള് വരെ അകല്ച്ചയുടെ പക്കലാണ്. അമേരിക്കന് പ്രസിഡന്റ് ഡൊണള്ഡ് ട്രംപിന്റെ പരാമര്ശങ്ങള് ഇതാണ് സൂചിപ്പിക്കുന്നത്
അയാള്ക്ക് എന്താ പറയാന് കഴിയാത്തത്. അമേരിക്കയില് ഇന്ത്യക്കാരും മറ്റുരാജ്യക്കാരും ചെന്ന് അവിടെയുള്ളവരേക്കാള് കൂടുതല് സമ്പാദിക്കുന്നു. മറ്റു രാജ്യക്കാര് വന്നില്ലായിരുന്നുവെങ്കില് അതുംകൂടി ഞങ്ങള്ക്കു ലഭിക്കുമല്ലോ എന്നതാണ് ചിന്ത.
? തിരുമേനിക്ക് എങ്ങനെയാണ് സാധാരണക്കാരുടെ ഭാഷയില് തമാശ രൂപേണ സംസാരിക്കാന് കഴിയുന്നത്
-സാധാരണക്കാര്ക്ക് മനസ്സിലാകണമെങ്കില് അവരുടെ ഭാഷയില് പറയണം. അവര്ക്ക് വലിയ വേദാന്തങ്ങളൊന്നും അറിയില്ല. തമാശ പറയുമ്പോള് എല്ലാവര്ക്കും ഇഷ്ടമാണ്. അവനവനേക്കുറിച്ച് മറ്റുള്ളവരുടെ മുന്നില് തമാശ പറയാതിരുന്നാല് എല്ലാവര്ക്കും സന്തോഷം.യേശുക്രിസ്തു ഉപമകളിലൂടെയാണ് ജനങ്ങളോട് സംസാരിച്ചത്. ഞാന് സാധാരണക്കാരുടെ അടുത്താണ് ശുശ്രൂഷ തുടങ്ങിയത്. വര്ക്ക് വലിയ വേദാന്തമൊന്നും മനസ്സിലാകില്ല. അച്ചന് വലിയ വേദാന്തം പറഞ്ഞാല് പ്രാര്ത്ഥന കഴിഞ്ഞ് ആളുകള് മറന്നുപോകും. ലളിതമായി, കഥകളിലൂടെ പറഞ്ഞാല് അത് മനസ്സില് നിന്ന് മായുകയുമില്ല.







Comments