
ന്യൂടഡൽഹി: തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരാന്‍ തീരുമാനമായി. തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി അപ്രതീക്ഷിതവും നിരാശജനകവുമെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയഗാന്ധി ഇന്നലെ ചേർന്ന പാര്‍ലമെൻററി പാർട്ടി യോഗത്തില്‍ പറഞ്ഞിരുന്നു. ഗൗരവതരമായ ഇടപെടല്‍ വേണമെന്ന് വ്യാപക ആവശ്യം ഉയരുന്നതിനിടെയാണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. രാജ്യത്തെ കൊവിഡ് വ്യാപനവും പ്രവർത്തകസമതിയുടെ അജണ്ടയിലുണ്ട്.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിൻ എല്ലാവർക്കും സൗജന്യമാക്കണം എന്ന ആവശ്യവുമായി കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. 18-നും 45-നും ഇടയിൽ പ്രായമായവർക്കുള്ള വാക്സിന് വില ഈടാക്കുന്നതിലും കോൺഗ്രസ് പ്രതിഷേധം ശക്തമായിരുന്നു.






