
നാഗ്പൂര്‍: ഡോക്ടര്‍ ചമഞ്ഞ് കോവിഡ് രോഗികളെ ചികിത്സിച്ച വഴിയോര കച്ചവടക്കാരന് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. നാഗ്പൂരിലെ കാംതി സ്വദേശിയായ ചന്ദന്‍ നരേഷ് ചൌധരിയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഓം നാരായണ മള്‍ട്ടിപ്പര്‍പ്പസ് സൊസൈറ്റി എന്ന പേരില്‍ ഒരു ആയുര്‍വേദ ചികിത്സാ കേന്ദ്രവും ഇയാള്‍ നടത്തുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഈ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തിന്റെ മറവിലായിരുന്നു ഇയാളുടെ തട്ടിപ്പ്. പഴങ്ങളും ഐസ്ക്രീമും വിറ്റിരുന്ന ഇയാള്‍ ഇടക്കാലത്ത് ഇലക്ട്രീഷനായും ജോലി ചെയ്തിട്ടുണ്ട്.
ഇയാളുടെ ചികിത്സയില്‍ സംശയം തോന്നിയ ഒരു രോഗിയുടെ ബന്ധുക്കളുടെ പരാതിയിന്മേൽ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ചൌധരിയുടെ സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ പൊലീസ് ഓക്സിജന്‍ സിലിണ്ടറുകളും സിറിഞ്ചുകളും മരുന്നുകളും കണ്ടെത്തി. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.






