കോവിഡ് 19 വ്യാപനം രാജ്യത്തെ ഓട്ടോമൊബീല്‍ വ്യവസായത്തെ വലിയ പ്രതിസന്ധിയിൽ ആക്കിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ എത്തുന്നത്. ഫെഡറേഷന് ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (എഫ്എഡിഎ) നല്കുന്ന കണക്കുകള്‍ അനുസരിച്ചു 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്തം വാഹന രജിസ്ട്രേഷന് 29.85 ശതമാനം കുറഞ്ഞു. എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന കണക്കാണ് ഇത്. അതായത്, 2019-20 സാമ്പത്തിക വര്‍ഷത്തിലെ 2,17,68,502 യൂണിറ്റിനെ അപേക്ഷിച്ച് രജിസ്ട്രേഷന് കണക്കുകള്‍ 1,52,71,519 യൂണിറ്റായി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്.
2020-21ല്‍ ട്രാക്ടറുകള്‍ ഒഴികെ മറ്റെല്ലാ വിഭാഗത്തിലുള്ള വാഹനങ്ങളുടെയും വില്‍പ്പനയിൽ ഇടിവാണ് ഉണ്ടായത്. ഇരുചക്രവാഹനങ്ങള്‍ 31.51 ശതമാനം ഇടിവ് രജിസ്ട്രേഷനില്‍ പ്രകടമാക്കി. വാണിജ്യ വാഹനങ്ങളും പാസഞ്ചര്‍ വാഹനങ്ങളും 13.96 ശതമാനം ഇടിവ്, ത്രീ വീലര്‍ വിഭാഗത്തില്‍ 64.12 ശതമാനം ഇടിവ് രേഖപ്പെടുത്തി. കണക്കുകൾ പ്രകാരം ഈ വിഭാഗങ്ങളിലെല്ലാം 2012-13 സാമ്പത്തിക വര്‍ഷത്തേക്കാള്‍ താഴ്ന്ന നിലയിലായിരുന്നു വില്‍പ്പന.
2019-20ല്‍ പാസഞ്ചര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് 27,73,514 യൂണിറ്റ് ആയിരുന്നു. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 23,86,316 യൂണിറ്റ് ആയിരുന്നു. ഇരുചക്രവാഹനങ്ങള്‍ 2019-20ലെ 1,68,38,965ല്‍ നിന്ന് 1,15,33,336 യൂണിറ്റില്‍ എത്തി. ത്രീ-വീലറുകളുടെ രജിസ്ട്രേഷന് 2,58,174 യൂണിറ്റാണ്. മുന്‍ വര്‍ഷം ഇത് 7,19,594 ആയിരുന്നു. 4,48,914 യൂണിറ്റാണ് വാണിജ്യ വാഹനങ്ങളുടെ രജിസ്ട്രേഷന്. അതേസമയം, ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 8,81,114 യൂണിറ്റ് ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 16.11 ശതമാനം വളര്‍ച്ച കൈവരിച്ചത് ട്രാക്ടര്‍ രജിസ്ട്രേഷനില്‍ മാത്രമാണ്. 6,44,779 യൂണിറ്റുകളുടെ രജിസ്ട്രേഷന് നടന്നു. ഇത് 2019-20ല്‍ 5,55,315 യൂണിറ്റായിരുന്നു. എന്നാല്‍ ട്രാക്റ്റര്‍ ഉള്‍പ്പടെയുള്ള എല്ലാ വാഹന വിഭാഗങ്ങളുടെയും വില്‍പ്പന പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായ ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇടിയുന്നതാണ് റിപ്പോർട്ടിൽ കാണുന്നത്.






