
ന്യൂഡൽഹി: കോവിഡിൻ്റെ ഇന്ത്യൻ വകഭേദം ആഗോളതലത്തിൽ ആശങ്ക ഉണ്ടാക്കുന്നതാണെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. B. 1. 617 എന്ന കൊറോണ വകഭേദത്തെ ലോകാരോഗ്യ സംഘടന "ഇന്ത്യൻ വകഭേദ"മെന്ന് വിശേഷിപ്പിക്കുന്നില്ല. 32 പേജുള്ള റിപ്പോർട്ടിലെവിടെയും ഇന്ത്യൻ വകഭേദമെന്ന പ്രയോഗമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ കൊറോണ വൈറസിന്റെ വകഭേദമാണ് B. 1. 617. അതിവേഗമാണ് ഈ വൈറസ് വ്യാപിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടനാ കോവിഡ് ടെക്നിക്കൽ മേധാവി ഡോ.മരിയ വാൻ കെര്‍ഖോവെ പറഞ്ഞത്. ഈ വകഭേദത്തെയും അതിന്റെ ഉപവിഭാഗങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ആഗോള തലത്തിൽ തന്നെ ആശങ്ക ഉണ്ടാക്കുന്ന വകഭേദമായിട്ടാണ് ലോകാരോഗ്യ സംഘടന ഇതിനെ കാണുന്നതെന്നും ഡോ. മരിയ പറഞ്ഞിരുന്നു. ഡബ്ല്യൂഎച്ച്ഒയുടെ പകർച്ചവ്യാധി പഠന സംഘവും പരിശോധനാ സംഘങ്ങളും ഈ വകഭേദത്തെക്കുറിച്ചു പ്രത്യേക പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
"കൊറോണ വൈറസിന്റെ ഈ വകഭേദത്തെ കുറിച്ച് ഞങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ആവശ്യമാണ്. ഇന്ത്യയിലും മറ്റിടങ്ങളിലും ഈ വൈറസ് എത്രത്തോളം പകരുന്നുവെന്നത് ഞങ്ങൾക്ക് അറിയാം...'' - ഡോ. മരിയ പറഞ്ഞിരുന്നു. രോഗം വരാതിരിക്കാൻ നിങ്ങൾ എല്ലാ പ്രതിരോധമാർഗങ്ങളും കൈക്കൊള്ളുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ശാരീരിക അകലം പാലിക്കുക, കൈ ശുചിത്വം, മാസ്ക്ക് ധരിക്കുക, തിരക്കേറിയ ഇടങ്ങൾ ഒഴിവാക്കുക എന്നിവയെല്ലാം ശ്രദ്ധിക്കണമെന്നും അവർ വ്യക്തമാക്കി.






