
ന്യൂഡൽഹി: തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ സഖ്യങ്ങൾ രൂപീകരിക്കുന്നതിൽ മാത്രമാണ് കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പാർട്ടി സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ വേണ്ടത്ര പ്രാധാന്യം നൽകിയിട്ടില്ലെന്നും മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി വിമർശിച്ചു. രാഷ്ട്രീയം 24 മണിക്കൂറും ചെയ്യുന്ന ജോലിയാണെന്നും ഇടയ്ക്കിടെ പൊതുപരിപാടികളിൽ പങ്കെടുത്ത് പിന്നീട് അപ്രത്യക്ഷമാകുന്ന രീതിയിലൂടെ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും അവർ പറഞ്ഞു.
കോൺഗ്രസിലുണ്ടായിരുന്ന കാലത്തും പാർട്ടിയുടെ ശ്രദ്ധ സഖ്യങ്ങളിലൂടെ തിരഞ്ഞെടുപ്പിൽ ജയിക്കുന്നതിലായിരുന്നുവെന്നും സ്വന്തം സംഘടനയെ ശക്തിപ്പെടുത്തി സ്വതന്ത്രമായി വിജയിക്കാനുള്ള ആത്മവിശ്വാസം പാർട്ടിയിൽ കാണാനായില്ലെന്നും ശർമിഷ്ഠ പറഞ്ഞു.
2014 മുതൽ കോൺഗ്രസിന്റെ മുഖമായി രാഹുൽ ഗാന്ധിയാണ് പ്രവർത്തിക്കുന്നതെങ്കിലും പാർട്ടിക്ക് വ്യക്തമായ ജനവിധി നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നും തുടർച്ചയായ തിരഞ്ഞെടുപ്പ് തോൽവികൾ അതിന്റെ തെളിവാണെന്നും അവർ വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനപിന്തുണയുള്ള നേതാവാണെന്നും രാഹുൽ ഗാന്ധിക്ക് അതേ രീതിയിലുള്ള ജനവിധി കോൺഗ്രസിന് നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു.
അതേസമയം, രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തമ്മിൽ താരതമ്യം ചെയ്യാൻ താൻ തയ്യാറല്ലെന്നും ഇരുവരുമായും തനിക്ക് വളരെ പരിമിതമായ ഇടപെടലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ശർമിഷ്ഠ കൂട്ടിച്ചേർത്തു.






