
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് . ഈ ആവശ്യവുമായി യുഡിഎഫ് സിപിഎമ്മിനെ സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ അവിശ്വാസത്തെ പിന്തുണയ്ക്കണോ എന്നത് നയപരമായ തീരുമാനമാണ് വി.ജോയ് കൂട്ടിച്ചേര്‍ത്തു .
ചരിത്രത്തിലെ മോശം ഭരണസമിതിയാണ് തിരുവനന്തപുരം കോർപറേഷനിലേത്. കാപ്പ കേസിലെ പ്രതി കൗൺസിലർ ആയി തുടരുകയാണ്. ഒരു മാസമായി എൽഡിഎഫ് നിരന്തര സമരത്തിലാണ്. യുഡിഎഫിന്റെ അവിശ്വാസത്തെ പിന്തുണയ്ക്കണോ എന്നത് നയപരമായ തീരുമാനമാണ്. ഭാവിയിൽ അങ്ങനെയുണ്ടാകില്ലെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കാപ്പാ കേസിൽ ബി.ജെ.പി. കൗൺസിലർ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഈ അവിശ്വാസപ്രമേയത്തെ സിപിഎം പിന്തുണച്ചേക്കുമെന്ന രീതിയിൽ മുൻ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനയും പുറത്തുവന്നിരുന്നു.
ബി.ജെ.പി.യാണ് സി.പി.എമ്മിന്റെ മുഖ്യശത്രുവെന്ന് ശിവൻകുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അവരെ അധികാരത്തിൽനിന്നു മാറ്റിനിർത്തുകയെന്നതാണ് തത്വത്തിൽ പാർട്ടിയുടെ നയമെന്നും ഇതിനായി, അവിശ്വാസപ്രമേയത്തിന്റെയും നിയമപോരാട്ടത്തിന്റെയും വഴി സ്വീകരിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.






