
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗകളുടെ എണ്ണത്തിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ രാജ്യത്ത് 3,11,170 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ വീണ്ടും നാലായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,077 പേര് കോവിഡ് ബാധിച്ച് മരിച്ചു. എന്നാൽ ഗ്രാമീണ മേഖലയിലെ രോഗ വ്യാപനം ആശങ്കാജനകമാണെന്ന വിലയിരുത്തലിലാണ് കേന്ദ്രം.
ഇന്ത്യയില് കോവിഡ് സ്ഥിരീകരിക്കപ്പെട്ടതിൽ 3,62,437 പേര് രോഗമുക്തരായി. രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ ആകെ എണ്ണം 2,46,84,077 ആയി. ഇതുവരെ 2,70,284 പേര് കോവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിലവില് 36,18,458 പേര് കോവിഡ് ബാധിച്ച് ചികിത്സയില് കഴിയുന്നുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ കോവിഡ് വ്യാപനത്തില് നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ശനിയാഴ്ച ഇന്ത്യയില് റിപ്പോര്ട്ട് ചെയ്തത് 3,26,098 പുതിയ കോവിഡ് കേസുകളാണ്. 3,890 പേരുടെ മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഗ്രാമീണ മേഖലയിലെ രോഗ വ്യാപനം ആശങ്കാജനകമാണെന്ന വിലയിരുത്തലിനെ തുടർന്ന് ഗ്രാമീണ മേഖയിലെ വീടുകളിലെത്തിയുള്ള പരിശോധനയ്ക്ക് കേന്ദ്ര നിർദ്ദേശം നൽകി.
കോവിഡ് വ്യാപനത്തിന് പിന്നാലെ പശ്ചിമബംഗാളിലും ഇന്ന് മുതൽ രണ്ടാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസർവീസുകൾ മാത്രം പ്രവർത്തിക്കും. പൊതുഗതാഗത സംവിധാനങ്ങൾ ഉണ്ടാകില്ല. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.







Comments