
മരിയ്ക്കുന്നതിന് മുന്‍പ് ആരെങ്കിലും സംസ്കാരച്ചടങ്ങുകള്‍ നടത്തുമോ, അത്തരം മണ്ടത്തരങ്ങള്‍ ആരും കാണിക്കില്ലെന്ന് പറയുന്നവരെ അമ്പരപ്പിയ്ക്കുന്ന കാര്യങ്ങളാണ് ഡൊമിനിക്കന്‍ സ്വദേശിയായ 59 കാരി മെയ്റ അലൊന്‍സോ ചെയ്തത്. 73000 രൂപ മുടക്കി സാന്‍ഡിയാഗോയിലെ തന്റെ വീട്ടില്‍ വെച്ച് തന്റെ ശവസംസ്കാരം ആഘോഷമായി നടത്തുകയായിരുന്നു ഇവര്‍. ജീവനോടെ തന്നെ ശവപ്പെട്ടിക്കുള്ളില്‍ ഇവര്‍ മണിക്കൂറുകള്‍ കിടന്നു. ഈ ചടങ്ങിന് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും സാക്ഷിയായിരുന്നു.
മെയ്റ മണിക്കൂറുകളോളം ശവപ്പെട്ടിയില്‍ കിടന്നപ്പോള്‍ ബന്ധുക്കള്‍ യഥാര്‍ത്ഥ മരണ ചടങ്ങുകള്‍ പോലെ തന്നെ കരയുകയും ചെയ്തിരുന്നു. ശവശരീരങ്ങള്‍ ഒരുക്കുന്നതു പോലെ പൂര്‍ണമായും വെള്ള വസ്ത്രമണിഞ്ഞ് തലയില്‍ പൂക്കള്‍ കൊണ്ടുള്ള കിരീടവും ചൂടി ശവമഞ്ചത്തിലാണ് ചടങ്ങുകള്‍ നടക്കുന്ന ഇടത്തേക്ക് മെയ്റ എത്തിയത്. അതിനുശേഷം വെള്ളനിറത്തിലുള്ള ശവപ്പെട്ടിയില്‍ കിടന്നു. ശവശരീരമായി സ്വയം തോന്നിപ്പിക്കാന്‍ ഇടയ്ക്കിടയ്ക്ക് മൂക്കില്‍ പഞ്ഞിയും വെച്ചു. മെയ്റയുടെ ഈ രീതികള്‍ കണ്ട് ചിലര്‍ ചിരിയ്ക്കുന്നുമുണ്ടായിരുന്നു.
ശവപ്പെട്ടിക്കുള്ളില്‍ കഴിയുക എന്നത് ഭീകരമായ അവസ്ഥയാണ്. അതിനാല്‍ തന്റെ പ്രിയപ്പെട്ടവര്‍ ആരും അടുത്തൊന്നും മരിക്കരുത് എന്നാണ് മെയ്റയുടെ ആഗ്രഹം. താന്‍ ജീവനോടെ ഇരിക്കുമ്പോള്‍ തന്നെ ചടങ്ങുകള്‍ എല്ലാം പൂര്‍ത്തിയാക്കിയതിനാല്‍ മരണശേഷം മറ്റൊരാളും തനിക്കായി ഒന്നും ചെയ്യേണ്ടതില്ല എന്നാണ് മെയ്റ പറയുന്നത്. ഇത്തരമൊരു ചടങ്ങ് നടത്തിയതിലൂടെ തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടെന്നും മെയ്റ പറയുന്നു. തന്റെ ആഗ്രഹത്തിനൊപ്പം നിന്ന സുഹൃത്തുക്കളെയും അയല്‍ക്കാരെയുമൊക്കെ നന്ദി അറിയിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.






