
തിരുവനന്തപുരം: നിയമസഭയിലേക്കുള്ള കന്നിയങ്കത്തില്‍ ജയിച്ചതിന്റെ ആഹ്ലാദത്തിനിടയില്‍ ഇരട്ടിമധുരമായി റിയാസിനെ തേടിയെത്തിയിരിക്കുകയാണ് മന്ത്രിസ്ഥാനം തുടർഭരണം ചരിത്രമാകുമ്പോൾ കേരള മന്ത്രിസഭയിൽ ഇക്കുറി മറ്റൊരു ചരിത്രം കൂടി കുറിക്കുന്നുണ്ട്. അമ്മായിയച്ഛൻ മുഖ്യമന്ത്രിയായും അതേ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയായി മരുമകനും എത്തുന്ന അപൂർവ്വതയും കേരള രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാകുന്നു. ടി.വി. തോമസും ഭാര്യ കെ. ആർ. ഗാരിയമ്മയും ഒന്നിച്ച് നിയമ സഭയിലേക്ക് എത്തിയിട്ടുണ്ടെങ്കിലും ഇത്തരമാെരു അപൂർവ്വത ആദ്യമാണ്.
ബേപ്പൂരില്‍ നിന്നാണ് റിയാസ് നിയമസഭയിലേക്ക് ജയിച്ചു കയറിയത്.
2014-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ എം.കെ.രാഘവനെതിരെ മത്സരിച്ചു പരാജയപ്പെട്ടിരുന്നു റിയാസ്. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയില്‍ യുവജനപ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് റിയാസിന് മന്ത്രിസഭയിൽ ഇടം ലഭിച്ചത്. രണ്ടാം പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന പ്രത്യേകതയും റിയാസിനുണ്ട്.
മുഹമ്മദ് റിയാസ് മന്ത്രിയായതറിഞ്ഞ് പിതാവ് പി.എം. അബ്ദുല്‍ ഖാദറിന് മാതാവ് ആയിശ മധുരം പങ്കുവെക്കുന്നു.
സെയ്ന്റ് ജോസഫ് ബോയ്സ് ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ.യിലുടെയാണ് രാഷ്ട്രീയസംഘടനാ പ്രവര്‍ത്തനമാരംഭിച്ചത്. കോഴിക്കോട് ലോ കോളേജില്‍നിന്ന് നിയമബിരുദം നേടി. 2017 ലാണ് ഡി.വൈ.എഫ്.ഐ. ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.സി.ഐ.ടി.യു രംഗത്തും ജില്ലയില്‍ സജീവമായിരുന്നു.
നിലവില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗമാണ്. റിട്ട.ഐ.പി.എസ്. ഉദ്യോഗസ്ഥന് പി.എം. അബ്ദുല്‍ ഖാദറിന്റെയും കെ.എം. ആയിശാബിയുടെയും മകനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനാണ് ഭാര്യ.





