
ദുബൈ: വിദേശികൾക്ക് 100 ശതമാനം നിക്ഷേപത്തോടെ യു.എ.ഇയിൽ ബിസിനസ് തുടങ്ങാവുന്ന നിയമഭേദഗതി ജൂൺ ഒന്നു മുതൽ നടപ്പാക്കും.യു.എ.ഇ സാമ്പത്തികകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ നിയമമനുസരിച്ച് ഫ്രീ സോണിന് പുറത്ത് ലിമിറ്റഡ് കമ്പനികൾ തുടങ്ങാൻ 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക് നൽകണം. പുതിയ നിയമം വരുന്നതോടെ ഇതിനു മാറ്റം വരും. കമ്പനി ഉടമസ്ഥാവകാശ നിയമങ്ങളിൽ വലിയ മാറ്റങ്ങളാണ് യു.എ.ഇ ആറു മാസം മുമ്പ് പ്രഖ്യാപിച്ചത്. കമ്പനി ഉടമസ്ഥാവകാശ നിയമത്തിൽ ഭേദഗതി വരുത്തി പ്രസിഡന്റ് ശൈഖ് ഖലീഫ ആൽ നഹ്യാനാണ് ഉത്തരവിറക്കിയത്.
എന്നാൽ എണ്ണഖനനം, ഊർജോൽപാദനം, പൊതുഗതാഗതം, സർക്കാർ സ്ഥാപനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിൽ വിദേശ നിക്ഷേപത്തിന് നിയന്ത്രണം ഉണ്ടായിരിക്കും. 122 മേഖലകളിലെ സ്ഥാപനങ്ങൾക്കാണ് പൂർണ വിദേശ നിക്ഷേപം അനുവദിച്ചിരിക്കുന്നത്.
കമ്പനികളുടെ 70 ശതമാനം ഷെയറുകളും ഓഹരിയായി പൊതുജനങ്ങൾക്ക് വിൽക്കാം എന്നും ഭേദഗതിയിൽ പറഞ്ഞിരുന്നു. നേരത്തേ 30 ശതമാനം ഷെയറുകൾ വിൽക്കാൻ മാത്രമായിരുന്നു അനുമതി. പുതിയ തീരുമാനം നടപ്പാക്കുന്നതോടെ സ്പോൺസറെ തിരഞ്ഞുനടക്കേണ്ട ആവശ്യമില്ല. വൻകിട ഇന്ത്യൻ കമ്പനികളെ ആകർഷിക്കുന്നതാണ് പുതിയ നിയമം.






