
കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെയാകെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗണിലൂടെയാണ് കടന്നു പോകുന്നത്. ലോക്ക്ഡൗണ്‍ ആരംഭിച്ച ശേഷം ആഹാരം കിട്ടാതെ പ്രതിസന്ധിയിലായത് തെരുവില്‍ കഴിയുന്ന നായകളാണ്. എന്നാല്‍ കൊറോണ തുടങ്ങിയപ്പോള്‍ മുതല്‍ നാഗ്പൂരിലെ തെരുവുനായകള്‍ ഒരിക്കലും പട്ടിണി കിടന്നിട്ടില്ല. മാത്രമല്ല, എല്ലാ ദിവസവും കഴിയ്ക്കുന്നത് ചിക്കന്‍ ബിരിയാണിയുമാണ്. നാഗ്പൂരിലെ 190 നായകള്‍ക്ക് രഞ്ജീത്ത് നാഥ് എന്ന വ്യക്തിയാണ് ദിവസേന 40 കിലോയോളം ബിരിയാണി നല്‍കുന്നത്.
രഞ്ജിത്തിന്റെ ദിവസം ആരംഭിക്കുന്നത് ബിരിയാണി വയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകളിലൂടെയാണ്. ഉച്ചയോടെ ബിരിയാണി പാചകം ചെയ്യാന്‍ തുടങ്ങുന്നു. ശേഷം വൈകുന്നേരം 5 മണിക്ക് രഞ്ജീത്ത് തന്റെ നായകള്‍ക്കുള്ള ബിരിയാണിയുമായി വീട്ടില്‍ നിന്നിറങ്ങും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 12 ഇടത്താണ് ബിരിയാണി വിതരണം. ബിരിയാണി പാചകം ചെയ്യുന്ന പാത്രം ബൈക്കിന്റെ പിന്‍സീറ്റില്‍ വെച്ചാണ് രഞ്ജീത്ത് ഈ സ്ഥലങ്ങളിലേക്ക് പോകുന്നത്. ബിരിയാണി വിളമ്പി നല്കാന് പ്രത്യേകം പാത്രങ്ങളും രഞ്ജിത് കരുതുന്നു. നായ്ക്കള്‍ മാത്രമല്ല പൂച്ചകളും മറ്റു മൃഗങ്ങളും രഞ്ജീത്തിന്റെ ബിരിയാണി കഴിയ്ക്കാന്‍ എത്താറുണ്ട്.
''ബുധന്‍, ഞായര്‍, വെള്ളി ദിവസങ്ങളില്‍ ഞാനിപ്പോള്‍ തിരക്കിലാണ്. ഈ നായകള്‍ക്കായി 30-40 കിലോഗ്രാം ബിരിയാണിയാണ് ആ ദിവസങ്ങളില്‍ തയ്യാറാക്കുന്നത്. അവര്‍ ഇപ്പോള്‍ നായകളല്ല, എന്റെ മക്കളെപ്പോലെയാണ്. തന്റെ അവസാന ശ്വാസം വരെ ഈ പ്രവര്‍ത്തി തുടരും. തന്റെ 'മക്കള്‍'ക്ക് ഈ സ്ഥലങ്ങള്‍ അറിയാം. എന്നെ കാണുന്ന നിമിഷം അവര്‍ തന്റെ അടുത്തേക്ക് ഓടി വരും. നായ്ക്കള്‍ക്കു ആവശ്യത്തിനുള്ള ഭക്ഷണം നല്‍കുന്നുണ്ട്. അതിനാല്‍ അവര്‍ തമ്മില്‍ വഴക്കുണ്ടാക്കില്ല.
സ്നേഹവും, വൃത്തിയും ഉറപ്പാക്കിയാണ് ബിരിയാണി തയ്യാറാക്കുന്നത്. ബിരിയാണിയില്‍ മാംസം കുറച്ച് എല്ലുകളാണ് കൂടുതല്‍ ചേര്‍ക്കുന്നത്. കുറഞ്ഞ നിരക്കില്‍ കോഴിയുടെ എല്ലുള്ള ഭാഗം തനിക്ക് ലഭിക്കുന്നുണ്ട്. അതിനാല്‍ കൂടുതല്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്കാന് കഴിയും. കഴിഞ്ഞ മാസം വരെ ചെലവിന്റെ ഭൂരിഭാഗവും സ്വന്തം പോക്കറ്റില്‍ നിന്നാണെന്ന് എടുത്തത്. എന്നാല്‍ ഈ പ്രവര്‍ത്തി മറ്റുള്ളവര്‍ അറിഞ്ഞതില്‍ പിന്നെ കുറച്ച് പേര് സഹായത്തിനായി എത്തി.'' - വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ രഞ്ജീത്ത് പറഞ്ഞു.






