
ലണ്ടന്‍: കപ്പടിച്ചതിന് പിന്നാലെ മാഞ്ചസ്റ്റര്‍ സിറ്റി വിട്ട അര്‍ജന്റീന താരം സെര്‍ജിയേ അഗ്യൂറോ ബാഴ്സിലോണയിലേക്കെന്ന സൂചനയുമായി സിറ്റി പരിശീലകന് പെപ്പ് ഗ്വാര്‍ഡിയോള. ഈ സീസണ് അവസാനിച്ചതോടെ സിറ്റിയുമായുള്ള അഗ്യൂറോയുടെ കരാര്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് താരം എങ്ങോട്ട് പോകുന്നെന്ന ചോദ്യത്തിനാണ് ഗ്വാര്‍ഡിയോള സൂചന നല്‍കിയത്. ലോകത്തെ ഏറ്റവും മികച്ച താരം മെസ്സിയ്ക്കൊപ്പം ഇനി അഗ്യൂറോ കളം പങ്കിടുമെന്നും ഗ്വാര്‍ഡിയോള വ്യക്തമാക്കി.
ഈ സീസണില്‍ തന്റെ ക്ലബ്ബിനെ കിരീടം അണിയിച്ചുകൊണ്ട് സിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച കളിക്കാരനായിട്ടാണ് 33 കാരനായ അഗ്യൂറോ സിറ്റി വിടുന്നത്. ക്ലബ്ബിന് വേണ്ടി 389 മത്സരങ്ങള്‍ കളിച്ച അഗ്യൂറോ 260 ഗോളുകളും അടിച്ചു. അവസാന മത്സരത്തില്‍ എവര്‍ട്ടനെതിരേ ഇരട്ടഗോളുകളും അഗ്യൂറോ നേടി. അര്‍ജന്റീന താരവുമായി ബാഴ്സിലോണ അധികൃതര്‍ പത്തുദിവസം മുമ്പ് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഈ സീസണില്‍ ഒരു കിരീടം പോലുമില്ലാതെ വലഞ്ഞ ബാഴ്സ അടിമുടി അഴിച്ചുപണിയുമെന്നാണ് വിവരം.
മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗില്‍ കപ്പടിച്ചതോടെ ഈ സീസണില്‍ ഏറ്റവും മികച്ച പരിശീലകനായി ഗ്വാര്‍ഡിയോളയെ തെരഞ്ഞെടുത്തു. ലീഡ്സ് യുണൈറ്റഡിന്റെ മാര്‍സലോ ബിയേല്‍സ, നോര്വിച്ച്സിറ്റിയുടെ ദാനിയേല്‍ ഫാര്ക്കേ, ചെല്‍സി വനിതാ ടീമിന്റെ എമ്മാഹായേസ്, വെസ്റ്റാമിന്റെ ഡേവിഡ് മോയസ്, ലെസ്റ്ററിന്റെ ബ്രെണ്ടന്‍ റോഡ്ജേര്‍സ് എന്നിവരെ പിന്നിലാക്കിയാണ് ഗ്വാര്‍ഡിയോള മുന്നിലെത്തിയത്. പ്രീമിയര്‍ ലീഗില്‍ കപ്പടിച്ച ഗ്വാര്‍ഡിയോള കരബാവോ കപ്പും ഇത്തവണ ടീമിന് നേടിക്കൊടുത്തു. യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ചെല്സിക്കെതിതേ ഫൈനലിലും എത്തിയിരിക്കുകയാണ്.





