
കൊച്ചി: ഭരണപരിഷ്ക്കാരത്തിനെതിരേ വന്‍ പ്രതിഷേധം നടക്കുന്നതിനിടയില്‍ ലക്ഷദ്വീപിനെ കേരളബന്ധത്തില് നിന്നും വേര്‍പെടുത്താന്‍ കേന്ദ്രം നീക്കം ശക്തമാക്കുന്നു. ലക്ഷദ്വീപിനെ കേരളാഹൈക്കോടതിയ്ക്ക് കീഴില്‍ നിന്നും കര്‍ണാടക ഹൈക്കോടതിയുടെ കീഴിലേക്ക് മാറ്റുന്നതിന് പിന്നാലെ ടൂറിസം മേഖലയെ അടര്‍ത്തിയെടുത്ത് സ്വകാര്യമേഖലയ്ക്ക് നല്‍കാനും നീക്കം നടക്കുന്നു. ലക്ഷദ്വീപ് ടൂറിസം വിഭാഗത്തിന് കീഴിലുള്ള ബംഗാരം എക്കോടൂറിസം കേന്ദ്രവും കൊച്ചിയിലെ ഗസ്റ്റ്ഹൗസും സ്വകാര്യമേഖലയ്ക്ക് കൈമാറാനാണ് നീക്കം.
ബംഗാരും ടൂറിസ്റ്റ് കേന്ദ്രം അഞ്ചു വര്‍ഷത്തേക്കും കൊച്ചിയിലെ ഗസ്റ്റ്ഹൗസ് മൂന്ന് വര്‍ഷത്തേക്കും പാട്ടത്തിന് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ലക്ഷദ്വീപിനെ കര്‍ണാടകാ ഹൈക്കോടതിക്ക് കീഴിലേക്ക് മാറ്റാനുള്ള ശുപാര്‍ശ അഡ്മിനിസ്ട്രേറ്റര്‍ കേന്ദ്രത്തിന്റെ പരിഗണനയില്‍ ഇരിക്കെയാണ് ടൂറിസം മേഖലയിലുംഗ നിര്‍ണ്ണായക മാറ്റത്തിന് ഒരുക്കം കൂട്ടുന്നത്. വാട്ടര്‍സ്പോര്‍ട്സിനും സ്കൂബാ ഡൈവിംഗിനും സൗകര്യം ഒരുക്കിയിട്ടുള്ള ബംഗാരം ദ്വീപില്‍ ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനുള്ള റെസ്റ്റോറന്റുകളുമുണ്ട്.
ആള്‍താമസമില്ലാത്ത ദ്വീപ് ടൂറിസത്തിന് മാത്രമാണ് ഉപയോഗിക്കുന്നത്. നിയമനടപടികളിലൂടെ ദ്വീപ് ഭരണകൂടം തിരിച്ചുപിടിച്ച സ്വകാര്യമേഖലയുടെ കൈവശമിരുന്ന ദ്വീപാണ് ഇപ്പോള്‍ വീണ്ടും സ്വകാര്യമേഖലയ്ക്ക് തിരിച്ചു കൊടുക്കാന്‍ ഉദ്ദേശിക്കുന്നത്. പഞ്ചനക്ഷത്ര പരിധിയില്‍ പെടുന്ന ഹോട്ടലുകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിക്കാനാണ് ഉദ്ദേശം. ലക്ഷദ്വീപിന്റെ കേരളബന്ധം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ നിവാസികളുടെ കൊച്ചിയിലെ ആവശ്യങ്ങള്‍ പരിഗണിച്ച് സജ്ജമാക്കിയിട്ടുള്ള ഗാന്ധിനഗറിലെ ഗസ്റ്റ് ഹൗസിന്റെ നിയന്ത്രണവും സ്വകാര്യ ഏജന്‍സിക്ക് കൈമാറാന്‍ ആലോചനയുണ്ട്. ഇപ്പോള്‍ ഇത് നടത്തുന്നത് ലക്ഷദ്വീപ് അതോറിറ്റിയാണ്.
ദ്വീപിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് കൗണ്ടറും കൊച്ചിയിലെത്തുന്ന ദ്വീപുകാര്‍ക്ക് താമസിക്കാനുള്ള ഇടവും അടങ്ങുന്ന ഗസ്റ്റ്ഹൗസ് മൂന്ന് വര്‍ഷം വീതമുള്ള പാട്ടത്തിന് നല്‍കാനാണ് ഒരുങ്ങുന്നത്. ലക്ഷദ്വീപിനെ കേരളത്തില്‍ ബന്ധിപ്പിക്കുന്ന കൊച്ചിയേയും കോഴിക്കോടിനെയും മാറ്റി നിര്‍ത്താനുള്ള ആലോചനയാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ പ്രത്യേക നിയമനിര്‍മ്മാണം തന്നെ കേന്ദ്രം ആലോചിക്കുകയാണ്. കേരളാഹൈക്കോടതിക്ക് പകരം കര്‍ണാടകാ ഹൈക്കോടതിയുടെ പരിധിയിലേക്ക് ലക്ഷദ്വീപിനെ മാറ്റുന്നതിനൊപ്പം കോഴിക്കോട്ടുള്ള ലക്ഷദ്വീപ് അതോറിറ്റിയുടെ വിവിധ സ്ഥാപനങ്ങള്‍ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന കര്‍ണാടകത്തിലെ മംഗലാപുരത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള ഒരുക്കവും നടക്കുകയാണ്.
വൈദ്യൂതി, പൊതുമരാമത്ത് വകുപ്പ് സ്ഥാപനങ്ങള്‍ കോഴിക്കോട്ട് നിന്നും മാറ്റാനാണ് നിര്‍ദേശം. ലക്ഷദ്വീപിലേക്കുള്ള ചരക്കുഗതാഗതം ബേപ്പൂര്‍ തുറമുഖത്ത് നിന്നും മംഗലാപുരത്തേക്ക് മാറ്റാനും ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ സൗകര്യപ്രദം എന്ന് മാത്രമാണ് മാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സര്‍ക്കാര്‍ ഓഫീസുകളും ഹൈക്കോടതി ഇടപെടലുകളും മാറുന്നതോടെ കേരളത്തെ ആശ്രയിക്കേണ്ട ആവശ്യം ദ്വീപുകാര്‍ക്ക് ഇല്ലാതാകും. കര്‍ണാടകയില്‍ ദ്വീപുകാര്‍ക്ക് ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനും ഇളവുകള്‍ നല്‍കാനും പദ്ധതിയുണ്ട്.






