
വത്തിക്കാന്‍: ഈസ്റ്റര്‍ സ്റ്റാമ്പില്‍ താന്‍ വരച്ച ചിത്രം ഉപയോഗിച്ചെന്ന ആരോപിച്ച് വത്തിക്കാനെതിരേ പകര്‍പ്പവകാശ ലംഘനത്തിന് പരാതിയുമായി തെരുവ് ചിത്രകാരി. സ്ട്രീറ്റ് ആര്‍ട്ടിസ്റ്റ് അലീസിയ ബാബ്റോവാണ് വത്തിക്കാനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. റോം സ്വദേശിയായ ഇവര്‍ 2020ല്‍ വത്തിക്കാന്‍ പുറത്തിറക്കിയ ഈസ്റ്റര്‍ സ്റ്റാമ്പുകളില്‍ ഉപയോഗിച്ചിരിക്കുന്നത് താന്‍ വരച്ച യേശുവിന്റെ ചിത്രമാണെന്നും തന്റെ അറിവോ സമ്മതമോ കൂടാതെ ഇക്കാര്യം ചെയ്ത് വത്തിക്കാന്‍ പകര്‍പ്പവകാശ നിയമം ലംഘിച്ചിരിക്കുകയാണെന്നും ആരോപിച്ചു.
പ്രത്യേക തരം ഹൃദയത്തിന്റെ രൂപത്തില്‍ രൂപകല്പന ചെയ്ത യേശുവിന്റെ ചിത്രമാണ് ഈസ്റ്റര്‍ സ്റ്റാമ്പുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് താന്‍ 2019 ല്‍ വത്തിക്കാനിലെ ഒരു പാലത്തിനടുത്ത് താന്‍ വരച്ചുവെച്ച ഗ്രാഫിറ്റിയാണെന്നാണ് ഇവര്‍ പറയുന്നത്. നഷ്ടപരിഹാരമായി 1,30,000 യൂറോ നല്‍കണം എന്ന തന്റെ ആവശ്യത്തോട് വത്തിക്കാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അലീസിയ പറയുന്നു. തുക നല്കുകയാണെങ്കില് കേസ് അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും വത്തിക്കാന്‍ ഒരു തരത്തിലും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നും അലീസിയ പറയുന്നു.
വിവിധ മതവിഭാഗങ്ങളുടെ ആരാധനാമൂര്‍ത്തികളെ വരച്ചിട്ട 2013ല്‍ അലീസിയ ആരംഭിച്ച ജസ്റ്റ് യൂസ് ഇറ്റ് എന്ന പ്രചരണത്തിന്റെ ഭാഗമായി വരച്ചതായിരുന്നു ഹൃദയത്തിന്റെ രൂപത്തിലുള്ള യേശുക്രിസ്തുവിന്റെ ചിത്രവും. ക്യാമ്പയിന്റെ ഭാഗമായി റോമിലെ തെരുവുകളില്‍ കോറിയിട്ട ചിത്രങ്ങളില്‍ യേശുക്രിസ്തുവിനൊപ്പം മേരിയുടെയും ബുദ്ധന്റെയും വിഘ്നേശ്വരന്റെയും ചിത്രങ്ങള്‍ ഈ രീതിയില്‍ ഉണ്ട്. ചിത്രങ്ങളുടെ യഥാര്‍ത്ഥ ഉദ്ദേശത്തെ ബലികഴിച്ച് തന്റെ കഴവിനെ വത്തിക്കാന്‍ തെറ്റായ രീതിയില്‍ ലാഭേച്ഛയ്ക്കുള്ള ഉപകരണമാക്കി മാറ്റിയെന്നാണ് അലീസിയയുടെ ആരോപണം.
8000 സ്റ്റാമ്പുകളാണ് ചിത്രം ഉപയോഗിച്ച് വത്തിക്കാന്‍ ഇറക്കിയത്. ഒരെണ്ണത്തിന് 1.15 യൂറോയായിരുന്നു വില. വത്തിക്കാന്‍ പോസ്റ്റോഫീസില്‍ ഇപ്പോഴും ഇതുണ്ട്. അതേസമയം തന്റെ ശ്രമം കത്തോലിക്കാ സഭയ്ക്ക് നേരെയോ വത്തിക്കാന്‍ നേരെയോ അല്ല. തന്റെ ശ്രമം തന്റെ കലാസൃഷ്ടിക്കളുടെ അവകാശം സംരക്ഷിക്കാനുള്ളത് മാത്രമാണെന്നും തന്റെ സൃഷ്ടികള്‍ തന്റെ നിയന്ത്രണത്തിന് അപ്പുറമത്തുള്ള സാമ്പത്തീക കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് എതിരേയും മാത്രമാണെന്നും ഇവര്‍ പറയുന്നു.
സിസ്റ്റീന്‍ ചാപ്പല്‍ മുതല്‍ മൈക്കലാഞ്ചലോയുടെ പിയാത്ത വരെയുള്ള വര്‍ക്കുകളുടെ കോപ്പിറൈറ്റ് കയ്യാളി ലോകത്ത് തന്നെ ഏറ്റവും വിലപിടിച്ചതും മഹത്തരവുമായ ചിത്രകലകളുടെ കേന്ദ്രമാണ് വത്തിക്കാന്‍. അവ പുനരുല്‍പ്പാദിപ്പിക്കാനുള്ള അവകാശം നിയമപരമായി അവര്‍ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. മുമ്പ് പോപ്പ് ബെനഡിക്ടിന്റെ പ്രസംഗങ്ങളുടെ പുസ്തകം എഴുതിയ മാധ്യമപ്രവര്‍ത്തകനോട് വത്തിക്കാന്‍ പ്രസാധക വിഭാഗം റോയല്‍റ്റി ആവശ്യപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. അതുപോലെ തന്നെ മ്യൂസിയത്തില്‍ നടക്കുന്ന പരിപാടികളുടെ വാര്‍ത്തകളും ചിത്രങ്ങളും കവര്‍ ചെയ്യാന്‍ വത്തിക്കാന്‍ മ്യൂസിയം ദീര്‍ഘകാലം അവകാശം കൈവശം വെച്ചിരുന്നു. അതിലെ ചിത്രങ്ങള്‍ പോലും ഉപയോഗിക്കാന്‍ ആര്‍ക്കും അധികാരമില്ലായിരുന്നു. അതേസമയം വത്തിക്കാന്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.






