
കൊച്ചി : സിപിഎം എം പി മാരുടെ ലക്ഷദ്വീപ് സന്ദര്ശനത്തിന്ദ്വീപ് ഭരണകൂടം അനുമതി നിഷേധിച്ചു. വി. ശിവദാസന്‍, എ എം ആരിഫ് എന്നിവര്‍ക്കാണ് അനുമതി നിക്ഷേധിച്ചത്. ലക്ഷദ്വീപിലെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താനായി കേരളത്തില്‍ നിന്നും സിപിഐഎം പ്രതിനിധികള്‍ ലക്ഷദ്വീപ് സന്ദര്‍ശത്തിന് അനുമതി ആരാഞ്ഞുകൊണ്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ യാത്ര ഏതുവിധേനെയും മുടക്കാനാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ആദ്യം മുതലേ ശ്രമിച്ചുകൊണ്ടിരുന്നതെന്നും എളമരം കരീം ഫേസ്ബുക്കില്‍ കുറിച്ചു.
ഫലത്തില്‍ എംപിമാരുടെ സന്ദര്‍ശനം മുടക്കുക എന്ന ഉദ്ദേശം തന്നെയാണ് പ്രഫുല്‍ പട്ടേല്‍ എന്ന അഡ്മിനിസ്ട്രേറ്ററും ഭരണകൂടവും നടപ്പിലാക്കുന്നത്. ഈ നടപടിയില്‍ അതിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു. എത്രയും വേഗം ദ്വീപ് നേരിട്ട് സന്ദര്‍ശിച്ച് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനാവശ്യമായ ശ്രമങ്ങള്‍ ഞങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ദ്വീപില്‍ ഇപ്പോള്‍ എന്ത് നടക്കുന്നു എന്ന് പുറം ലോകം അറിയുന്നതിനെ ഇവര്‍ ഭയപ്പെടുന്നു.കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിട കുത്തകകള്‍ക്കും തങ്ങളുടെ കച്ചവട താല്പര്യങ്ങള്ക്കായി ദ്വീപിനെ യഥേഷ്ടം ഉപയോഗപ്പെടുത്താന്‍ വഴിയൊരുക്കുന്നതാണ് അവിടെ നടപ്പിലാക്കുന്ന ഓരോ പരിഷ്കാരങ്ങളും. ഇതിനെതിരെ ശക്തമായി പോരാടുന്ന ദ്വീപ് നിവാസികളെ ഭയപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കാനാണ് ശ്രമം. ഇത്തരം നടപടികള്‍ക്കെതിരെ രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും വിശിഷ്യാ കേരളത്തില്‍ നിന്നും ഉയര്‍ന്ന വന്‍ ജനകീയ പ്രതിഷേധം സംഘപരിവാരത്തെ പ്രതിരോധത്തിലാക്കുന്നുണ്ടെന്നും എളമരം കരീം കുറിച്ചു.






