
ചാത്തന്നൂര്‍(കൊല്ലം): നിയമസഭാ തെരഞ്ഞെടുപ്പ് ദിവസത്തെ ഇ.എം.സി.സി. ബോംബ് ആക്രമണവുമായി ബന്ധപ്പെട്ട് ചലച്ചിത്ര-സീരിയല്‍ താരം പ്രിയങ്കയെ പോലീസ് ചോദ്യംചെയ്തു. മുന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേ കുണ്ടറയില്‍ മത്സരിച്ച ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡി.എസ്.ജെ.പി) സ്ഥാനാര്‍ഥിയും ഇ.എം.സി.സി. ഡയറക്ടറുമായ ഷിജു വര്‍ഗീസ് സ്വന്തം കാറിനു പെട്രോള്‍ ബോംബെറിഞ്ഞ് പുകമറ സൃഷ്ടിച്ച കേസിലാണ് പ്രിയങ്കയെ ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
ഡി.എസ്.ജെ.പിയുടെ അരൂരിലെ സ്ഥാനാര്‍ഥിയായിരുന്നു പ്രിയങ്ക. ഷിജു വര്‍ഗീസും പ്രിയങ്കയുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളെത്തുടര്ന്നാണ് ചോദ്യംചെയ്യല്‍.
എങ്ങനെയും വിജയിപ്പിച്ച് എംഎല്‍എയാക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്കി വിവാദ ദല്ലാള്‍ നന്ദകുമാറാണു മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്നു പ്രിയങ്ക മൊഴി നല്കി. പ്രചാരണത്തിനായി ഹെലികോപ്റ്റര്‍, ചെലവിനായി ഒരു കോടിയിലേറെ രൂപ എന്നീ വാഗ്ദാനങ്ങളാണു നല്‍കിയത്.
പോലീസ് പറയുന്നത്: പാലാരിവട്ടം വെണ്ണലയിലെ ഫ്ളാറ്റിലെ താമസക്കാരിയായിരുന്നു പ്രിയങ്ക. ഫ്ളാറ്റിന് എതിവര്ശത്തെ മഹാദേവ ക്ഷേത്രത്തിലെ ഭരണസമിതി പ്രസിഡന്റായിരുന്ന ദല്ലാള്‍ നന്ദകുമാര്‍ പ്രിയങ്കയെ ക്ഷേത്രത്തില്‍വച്ച് പരിചയപ്പെടുകയും പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പണം പാര്‍ട്ടി നല്‍കുമെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിയങ്ക സ്ഥാനാര്‍ഥിയായത്. ഇതിനായി പാര്‍ട്ടി പ്രവര്‍ത്തകനായ ജയകുമാറിന്റെ അക്കൗണ്ടിലേക്ക് നന്ദകുമാര്‍ ഒന്നരലക്ഷം രൂപ നല്കി.
എന്നാല്‍ നാലുലക്ഷത്തിലേറെ ചെലവായതായും ഈ തുക പലവിധത്തില്‍ കടം വാങ്ങിെയന്നുമാണ് മൊഴി. പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും എന്ന നിലയില്‍ ഷിജു വര്‍ഗീസുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും രണ്ടു തവണയേ നേരിട്ട് കണ്ടിട്ടുള്ളൂ. ഷിജു വര്‍ഗീസിന്റെ കാറിനുനേരേ പെട്രോള്‍ ബോംബ് എറിഞ്ഞതും ഷിജു വര്‍ഗീസാണ് പ്രതിയെന്നറിഞ്ഞതും മാധ്യമങ്ങളിലൂടെയാണ്. ഷിജു വര്‍ഗീസിന്റെ ബിസിനസ് താല്‍പര്യങ്ങളെക്കുറിച്ചോ കുടുംബ കാര്യങ്ങളെക്കുറിച്ചോ അറിയേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞതായി എ.സി.പി: വൈ. നിസാമുദീന്‍ പറഞ്ഞു.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹിയിലുള്ള നന്ദകുമാറിന് രണ്ടുതവണ അന്വേഷണ സംഘം നോട്ടീസയച്ചിരുന്നു. എന്നാല്‍ ഇതുവരെയും നന്ദകുമാര്‍ ഹാജരായിട്ടില്ല.






