
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഇപ്പോൾ അല്‍കാസര്‍ എന്ന പേരില്‍ ഇന്ത്യന്‍ നിരത്തുകളില്‍ സെവന് സീറ്റര്‍ വാഹനമെത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഈ വാഹനം ഏപ്രിലില്‍ വിപണിയില്‍ എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. കോവിഡ് രണ്ടാം തരംഗം കാരണം ലോഞ്ച് വൈകുകയായിരുന്നു. പുതിയ റിപ്പോർട്ട് പ്രകാരം ഈ വാഹനം ജൂണില്‍ എത്തിയേക്കും.
അല്‍കാസറിനെ കമ്പനിയുടെ മറ്റ് എസ്.യു.വികള്‍ സ്വാഗതം ചെയ്യുന്നതിന്റെ ടീസര്‍ വീഡിയോ ഹ്യുണ്ടായി പുറത്തുവിട്ടു. അല്‍കാസര്‍ എസ്.യു.വിക്ക് കൂടെ പിറപ്പുകളായ മറ്റ് എസ്.യു.വികള്‍ മണലാരണ്യതത്തില് ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ വാഹനം ഉപയോഗിച്ച് അല്‍കാസര്‍ എന്ന ആലേഖനം ചെയ്താണ് സ്വാഗതം ഒരുക്കിയത്. ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളിലും അല്‍കാസര്‍ എത്തും.
മിഡ്-സൈസ് എസ്.യു.വിയായ ക്രെറ്റയുമായി പ്ലാറ്റ്ഫോം പങ്കിട്ടെത്തുന്ന അല്‍കാസറിന് ലുക്കിലും ക്രെറ്റയുമായി ഒട്ടേറെ സാമ്യം ഉണ്ട്. അല്‍കാസറിനെ ക്രെറ്റയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച വലിയ ഗ്രില്ലും, എല്‍.ഇ.ഡി. ലൈറ്റുകളും ഡി.ആര്.എല്ലും നല്‍കിയിട്ടുള്ള ഹെഡ്ലാമ്പുമാണ്.
റിപ്പോർട്ട് പ്രകാരം ആറ് സീറ്ററില്‍ ക്യാപ്റ്റന്‍ സീറ്റും, ഏഴ് സീറ്ററില്‍ ബെഞ്ച് സീറ്റും നല്‍കും. വെന്റിലേറ്റഡ് മുന്‍നിര സീറ്റുകള്‍, 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂലിങ്ക് കണക്ടഡ് കാര്‍ ടെക്നോളജി, ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓട്ടോമാറ്റിക് എ.സി, എട്ട് സ്പീക്കറുകളുള്ള ബോസ് ഓഡിയോ സിസ്റ്റം, തുടങ്ങിയവ അകത്തളത്തില്‍ ലഭിച്ചേക്കും. സെല്‍റ്റോസിനും ക്രെറ്റയ്ക്കും അടിസ്ഥാനമൊരുക്കുന്ന കെ2 പ്ലാറ്റ്ഫോമിന്റെ പുതുക്കിയ പതിപ്പാണ് അല്‍കാസറിൽ. അല്‍കാസറില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് നല്‍കുന്നത്.






