
ആയുസ് കൂടാനും ആരോഗ്യത്തോടെ ഇരിയ്്ക്കാനുമാണ് മനുഷ്യര്‍ ആഗ്രഹിയ്ക്കുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീറോ എന്ന കമ്പനിയും ന്യൂയോര്‍ക്കിലെ ബഫലോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോസ്വെല് പാര്‍ക്ക് കോംപ്രിഹെന്‍സീവ് കാന്‍സര്‍ സെന്ററും ചേര്‍ന്ന് നടത്തിയ പഠനമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മനുഷ്യര്‍ക്ക് 150 വയസു വരെ ജീവിക്കാന്‍ സാധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. എന്നാല്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യവുമുണ്ട്. മാനസിക ബുദ്ധിമുട്ടിന് കാരണമാകുന്ന കാര്യങ്ങളെ പൂര്‍ണമായി ഒഴിവാക്കണം. അങ്ങനെ ചെയ്താല്‍ മനുഷ്യര്‍ക്കെല്ലാം 150 വയസു വരെ ജീവിയ്ക്കാന്‍ സാധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.
120-നും 150 വയസ്സിനും ഇടയില്‍ മാനസിക ബുദ്ധിമുട്ടുകളില്‍ നിന്ന് മോചിതരാകാനുള്ള ശേഷി മനുഷ്യന് പൂര്‍ണമായും നഷ്ടമാകും. ഗുരുതരരോഗങ്ങള്‍ ഇല്ലാത്തവരില്‍ പോലും ഇങ്ങനെ സംഭവിച്ചേക്കാം. അതിനാല്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കണമെങ്കില്‍ മനഃക്ലേശം, പ്രായമാകല്‍ എന്നീ ഘടകങ്ങളില്‍ മാറ്റം കൊണ്ടുവരണമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. മനഃക്ലേശത്തില്‍ നിന്ന് മുക്തരാകാനുള്ള കഴിവ് നഷ്ടപ്പെടുന്നതാണ് (Loss of Resilence) മരണത്തിന് കാരണമെന്നും ഗവേഷക സംഘം വിലയിരുത്തുന്നു. യു.എസ്, യു.കെ, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് സംഘങ്ങളെയാണ് പ്രായമാകുന്നതിന്റെ ഗതിവേഗത്തെ കുറിച്ചുള്ള വിശകലനത്തിന് വിധേയമാക്കിയത്.
ബുദ്ധിമുട്ടുകളില്‍നിന്ന് മുക്തരാകാനുള്ള ശരീരത്തിന്റെ കഴിവിനെയാണ് 'Resilience' എന്ന് പറയുന്നത്. 40വയസ്സുള്ള ഒരാളെ അപേക്ഷിച്ച് 80വയസ്സുള്ള ഒരാള്‍ക്ക് മാനസിക ബുദ്ധിമുട്ടുകളില്‍ നിന്ന് മുക്തി നേടാന്‍ മൂന്നിരട്ടി സമയം വേണ്ടി വരുമെന്ന് പഠനത്തില്‍ പറയുന്നു. പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ ഡൈനാമിക് ഓര്‍ഗാനിസം സ്റ്റേറ്റ് ഇന്‍ഡിക്കേറ്റര്‍(ഡി.ഒ.എസ്.ഐ.) എന്ന സൂചകത്തെ സൃഷ്ടിച്ചിരുന്നു. സമ്മര്‍ദം അനുഭവിക്കുമ്പോള്‍ കംപ്ലീറ്റ് ബ്ലഡ് കൗണ്ട് (സി.ബി.സി.), സ്റ്റെപ് കൗണ്ട് എന്നിവയില്‍ വ്യതിയാനം ഉണ്ടാകുന്നതായും കണ്ടെത്തി. പ്രായം കൂടുന്നതിന് അനുസരിച്ച് വിമുക്തി നേടുന്നതിനും കാലതാമസമുണ്ടാകും. പഠനഫലം നേച്ചര്‍ കമ്യൂണിക്കേഷന്‍സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.






