
എല്ലാ വീട്ടിലും പതിവുള്ള കാര്യമാണ് അമ്മയും മക്കളും തമ്മിലുള്ള വഴക്കുകള്‍. നിസാരമായ കാര്യങ്ങള്‍ക്കായിരിക്കും വഴക്ക്. എന്നാല്‍ ഇത്തരം വഴക്കുകള്‍ കുറച്ച് സമയത്തിന് ശേഷം മാറുകയാണ് പതിവ്. 14 കാരനായ ആന്ദ്രെ കാന്റോ എന്ന സ്പാനിഷ് ബാലനും അമ്മയുമായി വഴക്കുണ്ടാക്കി പിണങ്ങി. സാധാരണ കുട്ടികളെ പോല ആന്ദ്രെ പെട്ടെന്ന് തന്നെ അമ്മയോടുള്ള ദേഷ്യം അവസാനിപ്പിച്ചില്ല. ആ ദേഷ്യം കൊണ്ട് തന്നെ ആന്ദ്രെ തന്റെ വീടിനടുത്ത് ഒരു ഗംഭീര ഗുഹ നിര്‍മ്മിക്കുകയായിരുന്നു ചെയ്തത്.
സ്പെയിനിലെ ആലികാന്റെയിലുള്ള വീടിന്റെ പരിസരത്താണ് ആറു വര്‍ഷം കൊണ്ട് ആന്ദ്രെ ഒരു മനുഷ്യ ഗുഹ നിര്‍മ്മിച്ചത്. ഗുഹയുടെ പണി പൂര്‍ത്തിയായപ്പോള്‍ ആന്ദ്രെയ്ക്ക് 20 വയസ് പൂര്‍ത്തിയായിരുന്നു. നിസാരമായ കാര്യത്തിനായിരുന്നു ആന്ദ്രെ അമ്മയുമായി വഴക്കിട്ടത്. കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോകുന്നതിന് വസ്ത്രം മാറാന്‍ ആന്ദ്രെയുടെ അമ്മ അവനോട് ആവശ്യപ്പെട്ടു. വസ്ത്രം മാറാന്‍ പറ്റില്ലെന്ന് വാശിപിടിച്ച അവന് കൂട്ടുകാര്‍ക്കൊപ്പം പോകാതെ വീട്ടില്‍ തന്നെയിരുന്നു. തുടര്‍ന്ന് ഈ ദേഷ്യം തീര്‍ക്കുന്നതിനായി പിക്കാസ് എടുത്ത് പറമ്പിലേക്ക് ഇറങ്ങിയ ആന്ദ്രെ കുഴിക്കുകയായിരുന്നു.
അമ്മയുമായുണ്ടായ വഴക്കാണ് ഗുഹ നിര്‍മ്മിക്കുന്നതിന് പ്രചോദനമായതെങ്കിലും വീട്ടില്‍ തനിച്ചായിരുന്ന തനിക്ക് കായികമായ പ്രവൃത്തികള്‍ ചെയ്യാന്‍ ഇഷ്ടമായിരുന്നുവെന്ന് ആന്ദ്രെ ഇന്‍സൈഡറിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ആദ്യത്തെ മൂന്ന് വര്‍ഷം പ്രത്യേകിച്ച് പ്ലാന്‍ ഒന്നുമില്ലാതെ വെറുതെ കുഴിക്കുകയായിരുന്നു. എത്രത്തോളം ആഴത്തില്‍ കുഴിക്കാനാവും എന്നാണ് അന്ന് നോക്കിയിരുന്നത്. എന്നാല്‍, 2017 ആയതോടെയാണ് ഈ കുഴിയെ താമസിക്കാന്‍ കൊള്ളാവുന്ന ഒരു ഗുഹയായി മാറ്റിയെടുക്കാന്‍ ആന്ദ്രെ ശ്രമിച്ചു. ഇതിനായി സുഹൃത്തായ ആന്ഡ്രിയോയുടെ സഹായവും തേടി.
ഇരുവരും ചേര്‍ന്ന് അഞ്ച് അടി ആഴമുള്ള കുഴി 11 അടിയായി വലുതാക്കി. ഈ കുഴിയെ താമസ യോഗ്യമാക്കുന്നതിന് ദിവസവും മൂന്ന് മണിക്കൂര്‍ വീതമാണ് ആന്ദ്രെ ചെലവിട്ടത്. ആന്ദ്രെ നിര്‍മ്മിച്ച ഭൂഗര്‍ഭ ബങ്കറിലേക്ക് ഇറങ്ങാന്‍ പടികളും ഉള്ളില്‍ സ്റ്റീരിയോ സിസ്റ്റം, ഓവന്, സിംഗിള്‍ ബെഡ്, വൈഫൈ കണക്ടിവിറ്റി എന്നിവയെല്ലാമുണ്ട്. ചെറിയ ഒരു വീട്ടിലേക്ക് വേണ്ട സൗകര്യങ്ങളെല്ലാം ഉള്‍പ്പെടുന്നതാണ് ആന്ദ്രെ നിര്‍മ്മിച്ച ഗുഹ. ഗുഹയുടെ ചിത്രങ്ങളും വീഡിയോ ടൂറും ട്വിറ്ററിലൂടെ പങ്കുവച്ചതോടെ ആന്ദ്രെയുടെ ഗുഹ സോഷ്യല്‍ മീഡിയയിലും വൈറലായിരിക്കുകയാണ്.






