
ബെംഗളൂരു: തങ്ങളുടെ ഭാഷയെ അപമാനിച്ചതിന്റെ പേരിൽ ഗൂഗിളിനെതിരെ കർണാടക സർക്കാർ. ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ഏതാണെന്ന ചോദ്യത്തിന് ‘കന്നഡ’ എന്നാണ് ഗൂഗിൾ സെർച്ച് എൻജിൻ നൽകുന്ന ഉത്തരം.
ഇതിൽ പ്രതിഷേധമുയർന്നതോടെ തെറ്റിദ്ധാരണയ്ക്കിടയാക്കിയതിനും ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയതിനും ക്ഷമ ചോദിക്കുന്നതായി ഗൂഗിൾ ട്വിറ്ററിലൂടെ അറിയിച്ചു. ഇത്തരമൊരു ഉത്തരം നൽകിയതിൽ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിളിന്റെ അധികൃതർക്ക് നോട്ടീസയയ്ക്കുമെന്ന് കന്നഡ സാംസ്കാരികമന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു.
ഭാഷകൾക്കെതിരായ ഇത്തരം വിദ്വേഷം നിയന്ത്രിക്കാൻ ഗൂഗിളിന് കഴിയില്ലേയെന്നും ഇത്തരം തെറ്റുകൾ ഒരിക്കലും സ്വീകാര്യമല്ലെന്നും മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു. തുടർന്ന് ഇന്നലെ വൈകീട്ട് മൂന്നോടെ ഗൂഗിൾ ഈ ഉത്തരം നീക്കംചെയ്തു.






