
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ രോഗബാധിതരായവരിൽ കൂടുതൽ 21 നും 30 നും ഇടയിൽ പ്രായമുള്ളവരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. നിയമസഭയിൽ ഐബി സതീഷ് എംഎൽഎയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 21 നും 30 നും ഇടയിൽ പ്രായമുള്ള 261232 പേർക്കാണ് രണ്ടാം തരംഗത്തിൽ രോഗം ബാധിച്ചത്.
31 നും 40 നും ഇടയിൽ പ്രായമുള്ള 252935 പേർക്കും 41 മുതൽ 50 വയസ് വരെയുള്ള 233126 പേർക്കും രോഗം ബാധിച്ചെന്നും മന്ത്രി പറഞ്ഞു. കൊവിഡിന്റെ രണ്ടാം തരംഗം കൂടുതലായും ചെറുപ്പക്കാരിലും മധ്യവയസ്കരിലുമാണ്. മരണനിരക്ക് ഏറ്റവും കൂടുതൽ 81 മുതൽ 90 വയസ് വരെ പ്രായമുള്ളവരിലാണ്.
സംസ്ഥാനത്ത് 81 നും 90 നും ഇടയിൽ പ്രായമുള്ള 17105 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 502 പേർ മരിക്കുകയും ചെയ്തു. മരണ നിരക്ക് 2.93 ശതമാനമാണ്. 71 മുതൽ 80 വയസ് വരെ പ്രായമുള്ളവരിൽ 1.94 ശതമാനവും 91 മുതൽ 100 വയസുവരെ പ്രായമുള്ളവരിൽ 1.55 ശതമാനവുമാണ് മരണനിരക്ക്. മെയ് 31 വരെയുള്ള കണക്കുകളാണ് മന്ത്രി നിയമസഭയിൽ വെച്ചത്.






