കോഴിക്കോട്: കൊടകരക്കേസില്‍ വാദിയെ പ്രതിയാക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും, സ്വര്‍ണക്കടത്ത് കേസിന് പകരം കുഴല്പ്പണക്കസ് എന്ന രീതിയാല്‍ പ്രതികാര രാഷ്ട്രീയമാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നതെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു. ബിജെപി പ്രവര്‍ത്തകനായ ധര്മ്മരാജന് വിളിക്കേണ്ടത് ബിജെപി നേതാക്കളെ അല്ലെങ്കില്‍ പിന്നെ ആരെയാണ്. പല കാര്യങ്ങള്‍ക്ക് വേണ്ടിയും വിളിച്ചിട്ടുണ്ടാകും. വാദിയെ പ്രതിയാക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും പികെ കൃഷ്ണദാസ് കോഴിക്കോട്ട് പറഞ്ഞു.
കൊടകര കേസിന്റെ തിരക്കഥ തയ്യാറാക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. നിയമ സഭയില്‍ പിണറായിയും വി.ഡി സതീശനും ദാസനും വിജയനും കളിക്കുന്നു. കേരള നിയമസഭ കേന്ദ്ര വിരുദ്ധ സഭയായി മാറിയെന്നും പി കെ കൃഷ്ണദാസ് കുറ്റപ്പെടുത്തി.
ബിജെപി കോര്‍ കമ്മറ്റിക്ക് പൊലീസ് അനുമതി നിഷേധിച്ച നടപടി സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയത്തിന് തെളിവാണ്. കൊടകര കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും സിപിഎം സിപിഐ സഹയാത്രികരാണ്. പ്രതി മാര്‍ട്ടിന്റെ കോള്‍ ലിസ്റ്റ് പരിശോധിക്കണം. മാര്ട്ടിന് സിപിഎം എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ സംഭവ ശേഷം വിളിച്ചിട്ടുണ്ടെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.






