
കൊച്ചി: പുതിയ വാക്സിൻനയം കേന്ദ്രസര്‍ക്കാര്‍ പിടിച്ചതോടെ വാക്സിന് ചലഞ്ചായി പിടിച്ച തുക തിരികെ ചോദിക്കാന്‍ വൈദ്യുതി ജീവനക്കാര്‍. വൈദ്യുതിബോർഡ് ഉന്നതാധികൃതർക്ക് ഇതുസംബന്ധിച്ച് ജീവനക്കാരുടെ സംഘടനകൾ കത്തു നൽകും. രാജ്യത്ത് വാക്സിൻ സൗജന്യമാക്കി കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം വന്നതോടെ ഇനി വാക്സിൻ ചലഞ്ചെന്ന പേരിൽ പണം നൽകേണ്ട സാഹചര്യമില്ലെന്നാണ് സംഘടനയുടെ കണ്ടെത്തല്‍.
ചീഫ് മിനിസ്റ്റേഴ്സ് റിലീഫ് വാക്സിൻ ചലഞ്ച് എന്നപേരിൽ വാക്സിൻ ചലഞ്ചായി ബോർഡിലെ 34,000 ജീവനക്കാരുടെ ഒരുദിവസത്തെ ശമ്പളമാണ് പിടിച്ചത്. ഇത് ഏകദേശം 12.5 കോടി രൂപയോളം വരുമെന്നാണ് സംഘടന പറയുന്നത്. ഇത് തിരികെ ചോദിക്കാൻ വൈദ്യുതി ജീവനക്കാരുടെ ഭൂരിപക്ഷം സംഘടനകളും ഒറ്റക്കെട്ടാണ്. അതേസമയം ഇടതുസംഘടനകളാണ് വിട്ടു നില്‍ക്കുന്നത്.
മേയ് മാസത്തെ ശമ്പളത്തിൽനിന്നാണ് തുക പിടിച്ചത്. കോവിഡിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളം പിടിച്ചുവെച്ചത് സർക്കാർ തിരികെ നൽകാൻ തുടങ്ങിയിട്ടും വൈദ്യുതിബോർഡ് ഈ തുക തിരികെ നൽകിയിട്ടില്ല. ജീവനക്കാരിൽനിന്ന് പിടിച്ച തുക ഇതുവരെ സർക്കാരിന് കൈമാറിയിട്ടില്ല. ബോര്‍ഡ് മാത്രമായിരുന്നു ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം പിടിച്ചതും.
ഐഎന്‍ടിയുസി അനുകൂല സംഘടനയായ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ശമ്പളം തിരികെ നല്‍കണം എന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ബോർഡ് ചെയർമാന് കത്ത് നൽകി. മറ്റുവകുപ്പുകളൊക്കെ കഴിഞ്ഞതവണ പിടിച്ച ശമ്പളം തിരിച്ചുകൊടുത്തപ്പോൾ വൈദ്യുതിബോർഡുമാത്രം അതുചെയ്യാത്തതിൽ ദുരൂഹതയുണ്ടെന്നാണ് ഇവരുടെ ആരോപണം. അതിനിടയില്‍ കേന്ദ്രസർക്കാര്‍ വാക്സിന് സൗജന്യമായി നല്കാന് തീരുമാനം എടുത്തതോടെ സംസ്ഥാന സർക്കാരിന് ലഭിക്കുക ആയിരം കോടി രൂപയുടെ താത്കാലിക ആശ്വാസമാണ് ഉണ്ടാകുന്നത്.
കേന്ദ്ര നയംമാറ്റത്തിനു പിന്നാലെ നല്കിയ ഓര്‍ഡര്‍ സര്‍ക്കാര്‍ റദ്ദാക്കിയേക്കും. ആദ്യപടിയായി 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്സിനും കമ്പനികളിൽനിന്ന് നേരിട്ട് വാങ്ങാനുള്ള ഓർഡർ നൽകി. 483 കോടി രൂപയാണ് നീക്കിവച്ചത്. രണ്ടുകമ്പനികളിൽനിന്നുമായി 8,84,290 ഡോസ് വാക്സിൻ ലഭിച്ചു.






