
രണ്ട് ലക്ഷം യൂണിറ്റ് നെക്സോണ്‍ സബ്കോംപാക്റ്റ് എസ്യുവി ഇതുവരെ നിര്‍മിച്ചതായി ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു. പുണെയ്ക്കു സമീപം രഞ്ജന്‍ഗാവ് പ്ലാന്റില്‍നിന്ന് രണ്ട് ലക്ഷമെന്ന എണ്ണം തികഞ്ഞ വാഹനം പുറത്തിറക്കിയെന്നാണ് റിപ്പോർട്ട്. ഒന്നര ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് 2020 നവംബറിലാണ് മറികടന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ് പുതിയ 50,000 യൂണിറ്റ് നെക്സോണ്‍ നിര്‍മിച്ചത്.
ടാറ്റ നെക്സോണ്‍ ഇപ്പോൾ 1.2 ലിറ്റര്‍ റെവോട്രോണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ റെവോടോര്‍ക്ക് ഡീസല്‍ എന്നീ രണ്ട് എന്ജിന് ഓപ്ഷനുകളിലാണ് ലഭിക്കുന്നത്. പെട്രോള്‍ എന്ജിന് 118 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കുമാണ് പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത്. പരമാവധി 108 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കുമാണ് ഡീസല്‍ എൻജിൻ പുറപ്പെടുവിക്കുന്നത്. 6 സ്പീഡ് മാന്വല്‍ ട്രാന്സ്മിഷന് സ്റ്റാന്‍ഡേഡായി ഘടിപ്പിച്ചു. എഎംടി ഓപ്ഷണലാണ്.
നാല് മീറ്ററില്‍ താഴെ നീളം വരുന്ന ഈ സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനം ഗ്ലോബല്‍ എന്‍കാപ് നടത്തിയ ഇടി പരിശോധനയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ ഇന്ത്യയിലെ ആദ്യ കാറാണ്. നിലവില്‍ ടാറ്റ മോട്ടോഴ്സിന്റെ ബെസ്റ്റ് സെല്ലിംഗ് മോഡലുകളിലൊന്നാണ് നെക്സോണ്‍. പ്രതിമാസം ശരാശരി 6,000 മുതല്‍ 7,000 വരെ യൂണിറ്റ് നെക്സോണ്‍ വിറ്റുപോകുന്നു. ഫ്ളെയിം റെഡ്, ഫോലിയെജ് ഗ്രീന്‍, ഡേടോണ ഗ്രേ, കാല്‍ഗറി വൈറ്റ്, പ്യുര്‍ സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളില്‍ മാത്രമാണ് ടാറ്റ നെക്സോണ്‍ ലഭിക്കുന്നത്. അടുത്തിടെ എസ്യുവിയുടെ ‘ടെക്ടോണിക് ബ്ലൂ’ കളര്‍ ഓപ്ഷന് നിര്‍ത്തിയിരുന്നു.






