
തിരുവനന്തപുരം: സംസ്ഥാനത്തു ലോക്ക്ഡൗണിന്റെ ഭാഗമായി ഇന്നും നാളെയും കര്‍ശന നിയന്ത്രണങ്ങള്‍. കെ.എസ്.ആര്.ടി.സി. ദീര്‍ഘദൂര സര്‍വീസ് നടത്തില്ല. ഹോട്ടലുകളില്‍ പാഴ്സല്‍ നേരിട്ടു വാങ്ങാന്‍ അനുവദിക്കില്ല. രാവിലെ ഏഴു മുതല്‍ രാത്രി ഏഴുവരെ ഹോം ഡെലിവറി നടത്താം. ഇന്നും നാളെയും അവശ്യ മേഖലയിലുള്ളവര്‍ക്കു മാത്രമാണ് ഇളവുകള്‍.
മെഡിക്കല്‍ സ്റ്റോറുകള്‍, ഭക്ഷ്യോല്പന്നങ്ങള്, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല് ബൂത്തുകള്‍, മത്സ്യ-മാംസ വില്പനശാലകള്, കള്ളു ഷാപ്പുകള്‍, ബേക്കറികള്‍ എന്നിവ രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെ പ്രവര്‍ത്തിക്കാം. നിര്‍മ്മാണമേഖലയിലുള്ളവര്‍ക്കു മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കാം. എന്നാല്‍, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം.
അത്യാവശ്യ സേവനം നടത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസിലുകളിലെ ജീവനക്കാര്‍ക്കു യാത്ര ചെയ്യാം. അടിയന്തര സേവനം നല്കുന്ന വ്യവസായ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാര്‍ക്കു തിരിച്ചറിയല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ യാത്ര അനുവദിക്കും. ടെലികോം ഇന്റര്‍നെറ്റ് മേഖലകളിലുള്ളവര്‍ക്കും ഐടി മേഖലയിലുള്ളവര്‍ക്കും ഇളവുണ്ട്.
ആശുപത്രിയിലേക്കു പോകുന്നവര്‍ക്കും സഹായികള്‍ക്കും വാക്സിനെടുക്കാന്‍ പോകുന്നവര്‍ക്കും തിരിച്ചറിയില്‍ രേഖകള്‍ നല്കി യാത്രചെയ്യാം. വിമാനത്താവളത്തിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും പോകുന്നവര്‍ക്കു യാത്രാവിവരങ്ങള്‍ കാട്ടി യാത്രചെയ്യാം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത വിവാഹങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു നടത്താം.






