
സേലം: മേട്ടൂർ ഡാമിൽ ഔദ്യോഗിക പരിപാടിയുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് സ്വർണമാല ഊരി നൽകി യുവതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ പണം ഇല്ലാത്തത് കൊണ്ട് ആകെയുള്ള രണ്ടു പവന്റെ മാലയും ഒരു കത്തും എഴുതിയാണ് സൗമ്യ എന്ന യുവതി സ്റ്റാലിന് നൽകിയത്.
സ്റ്റാലിൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിൽ പങ്കുവച്ചത്. കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞതോടെ യുവതിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ഒരു ജോലിയും നൽകുമെന്ന് അദ്ദേഹം അറിയിച്ചു. കംപ്യൂട്ടർ എൻജിനിയറിങ് പഠനം പൂർത്തിയാക്കിയ സൗമ്യയ്ക്ക് ജോലി ഒന്നും ലഭിച്ചിരുന്നില്ല. സർവീസിൽ നിന്നും വിരമിച്ച അച്ഛനും രണ്ട് മുതിർന്ന സഹോദരിമാരുമാണ് സൗമ്യയ്ക്ക് ഉള്ളത്.
ചേച്ചിമാരുടെ വിവാഹം കഴിഞ്ഞതോടെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായി. ഇതിനിടെ ന്യൂമോണിയ ബാധിച്ച് അമ്മയും മരിച്ചു.
കോവിഡ് പ്രതിസന്ധിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ കഴിയാതെ വന്നതോടെയാണ് കഴുത്തിൽ കിടന്ന രണ്ടു പവന്റെ മാല ഊരി നൽകിയത്. തനിക്ക് ജോലിയൊന്നും ഇല്ലാത്തതിനാൽ കുടുംബം നോക്കാൻ കഷ്ടപ്പെടുകയണെന്നും അച്ഛന് ജോലിയിൽനിന്ന് വിരമിച്ചപ്പോൾ കിട്ടിയ സമ്പാദ്യമെല്ലാം അമ്മയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചു. പണമൊന്നും കൈവശം ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാല ഊരി നൽകുന്നതെന്നും യുവതി കത്തിൽ പറയുന്നു.






