
തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ പിടിച്ചെടുത്ത പണം ബി.ജെ.പിയുടേതാണെന്നും പരാതിക്കാരന് ധര്‍മരാജനു വിട്ടുകൊടുക്കരുതെന്നും പോലീസ് കോടതിയില്‍. ഇതോടെ പണം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള ധര്‍മരാജന്റെ ഹര്‍ജി ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി വാദം കേള്‍ക്കാനായി 23-ലേക്കു മാറ്റി.
ധര്‍മരാജന്റെ ഹര്‍ജിയിലെ വാദങ്ങളെ എതിര്‍ക്കുന്ന റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയത്. കേസ് അന്വേഷണം പൂര്‍ണമാകാത്ത സാഹചര്യത്തില്‍ പിടിച്ചെടുത്ത തുകയും കാറും വിട്ടുകൊടുക്കാനാകില്ലെന്നു പോലീസ് ചൂണ്ടിക്കാട്ടി. ഇതു കേസ് അന്വേഷണത്തെ ബാധിക്കുമെന്നുംഓണ്ലൈനായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം ചൂണ്ടിക്കാട്ടി.
പണം ബി.ജെ.പിയുടേതാണെന്നു പോലീസ് വ്യക്തമാക്കി. ആദ്യമായാണ് കേസിലെ ബി.ജെ.പി. ബന്ധം അന്വേഷണസംഘം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. ധര്‍മരാജന്റേത് കെട്ടുകഥകളാണെന്നും വ്യാജരേഖയുണ്ടാക്കി കോടതിയെ തെറ്റിധരിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ആലപ്പുഴ ജില്ല ബി.ജെ.പി. ട്രഷറര്‍ കെ.ജി. കര്‍ത്തയ്ക്കു കൈമാറാനാണു പണം കൊണ്ടുവന്നതെന്നും കൂടുതല്‍ പണം കണ്ടെത്താനുണ്ടെന്നും പോലീസ് വിശദീകരിച്ചു. ബി.ജെ.പിയുടെ അറിവോടെ തെരഞ്ഞെടുപ്പ് ആവശ്യത്തിനായാണു പണമെത്തിച്ചത്. പണം എത്തുന്നതു സംബന്ധിച്ച് സംസ്ഥാന നേതാക്കള്‍ക്കു വരെ അറിവുണ്ടായിരുന്നു. അതിനെ സാധൂകരിക്കുന്ന തെളിവുകളും മൊഴികളും ലഭിച്ചിട്ടുണ്ട്. കവര്‍ച്ച ചെയ്ത പണം പ്രതികള്‍ ചെലവിട്ട രീതിയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെയാണ് കൊടകരയില്‍ കവര്‍ച്ചയുണ്ടായത്. തുടര്‍ന്ന് അന്വേഷണത്തിനിടെ പോലീസ് പലരില്‍നിന്നായി കണ്ടെടുത്ത 1.40 കോടി രൂപ തിരികെ വേണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരന് ധര്‍മരാജനും മറ്റു രണ്ടുപേരും ഹര്‍ജി നല്‍കിയത്.






