
ന്യൂഡല്‍ഹി: ബി.ജെ.പി ബന്ധമുപേക്ഷിച്ച് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയ മുകുള്‍ റോയ്ക്കുള്ള സുരക്ഷ കേന്ദ്രവും പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഏര്‍പ്പെടുത്തിയിരുന്ന 'സെഡ്' കാറ്റഗറി സുരക്ഷയാണ് പിന്‍വലിച്ചത്. മുകുള്‍ റോയുടെ ചുമതല വഹിച്ചിരുന്ന സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച രാവിലെ സേവനം അവസാനിപ്പിച്ചു.
ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പാണ് മുകുള്‍ റോയുടെ സുരക്ഷ സെഡ് കാറ്റഗറിയായി ഉയര്‍ത്തിയത്. തൃണമൂല്‍ പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടെന്നത് പരിഗണിച്ചായിരുന്നു ആഭ്യന്തരമ മന്ത്രാലയത്തിന്റെ തീരുമാനം. മൂന്ന് ഷിഫ്ടുകളിലായി 33 സായുധ സി.ആര്.പി.എഫ് ജവാന്മാരെയായിരുന്നു മുകുളിന്റെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെ സുരക്ഷ പിന്‍വലിക്കാന്‍ മുകുള്‍ റോയും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മുകളിന്റെ സഹോദരന് സുബ്രാംശു റോയുടെ സുരക്ഷ കഴിഞ്ഞയാഴ്ച പിന്‍വലിച്ചിരുന്നു. ശനിയാഴ്ച മുതല്‍ സി.ആര്.പി.എഫ് സുരക്ഷ ഉപേക്ഷിച്ചതായി ഇദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ അധികൃതരില്‍ നിന്നുള്ള അറിയിപ്പ് കിട്ടാത്തതിനാല്‍ സി.ആര്.പി.എഫ് ചുമതലയില്‍ തുടര്‍ന്നിരുന്നു.






