
കഷ്ടപ്പാടുകളെ ചവിട്ടുപടിയാക്കി ഇന്ത്യന്‍ വ്യോമസേനയില്‍ ഉദ്യോഗസ്ഥനായ കഥയാണ് ജി. ഗോപിനാഥിന് പറയാനുള്ളത്. ഇദ്ദേഹത്തിന്റെ ഈ വിജയത്തിന് പിന്നില്‍ രാവും പകലും ഒരുപോലെ കഷ്ടപ്പെടുന്ന ഓട്ടോ ഡ്രൈവറായ പിതാവ് സൂരിബാബുവിന്റെ പിന്തുണയും പ്രയത്നവും തന്നെയാണ്. അരിലോവയിലെ എസ്ഐജി നഗറില്‍ താമസിക്കുന്ന സൂരിബാബു കഴിഞ്ഞ 25 വര്‍ഷമായി ഓട്ടോ ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. ഹൈദരാബാദിലെ ദിണ്ടിഗലിലെ എയര്‍ഫോഴ്സ് അക്കാദമിയില്‍ ശനിയാഴ്ച നടന്ന ചടങ്ങിലാണ് സൂരിബാബുവിന്റെ മകന് ജി. ഗോപിനാഥിനെ വ്യോമസേനയില്‍ ഒരു ഫ്ലൈയിംഗ് ഓഫീസറായി നിയമിച്ചത്.
തന്റെ ജീവിതസാഹചര്യങ്ങള്‍ മൂലം പഠിക്കാന്‍ കഴിയാതിരുന്ന സൂരിബാബു തന്റെ കഷ്ടപ്പാടുകള്‍ മറന്ന് മക്കളെ പഠിപ്പിയ്ക്കുകയായിരുന്നു. കൈയില്‍ പണം ഇല്ലെങ്കിലും, തന്റെ ആവശ്യങ്ങളെല്ലാം അച്ഛന് സാധിപ്പിച്ച് തന്നിരുന്നു എന്ന് ഗോപിനാഥ് പറഞ്ഞു. സഹോദരിയെയും അച്ഛന് അങ്ങനെത്തന്നെയാണ് നോക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗോപിനാഥിന്റെ സഹോദരി ഒരു സ്വകാര്യ കോളേജില്‍ ലക്ചററായി ജോലി ചെയ്യുകയാണ്. മകനെ ഒരു എഞ്ചിനീയറായി കാണാനായിരുന്നു സൂരിബാബുവിന്റെ ആഗ്രഹം. ലോണെടുത്താണേലും മകനെ പഠിപ്പിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു.
പിതാവിന്റെ ആഗ്രഹത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഗോപിനാഥിന്റെ ആഗ്രഹം. ഇന്ത്യന്‍ ആര്‍മിയില്‍ ശിപായിയായി ജോലി ചെയ്തിരുന്ന മുത്തച്ഛനെപ്പോലെ പ്രതിരോധ സേനയില്‍ ചേരാനായിരുന്നു ഗോപിനാഥിന് ആഗ്രഹം. തന്റെ അഭിലാഷം പിന്തുടരാന് അദ്ദേഹം വ്യോമസേനയില്‍ എയര്‍മാനായി ചേര്‍ന്നു. ജോലി ചെയ്യുന്നതിനിടെ ബിരുദം പൂര്‍ത്തിയാക്കി. പിന്നീട് ആന്ധ്ര സര്‍വകലാശാലയില്‍ നിന്ന് വിദൂര മോഡില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം ക്രിപ്റ്റോഗ്രാഫറായി സ്ഥാനക്കയറ്റം നേടി. സ്റ്റാഫ് സെലക്ഷന് കമ്മീഷന് പരീക്ഷ എഴുതിയാണ് ഇപ്പോള്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായത്.
''എന്റെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്കാന് ഞാന്‍ കഠിനമായി പരിശ്രമിച്ചു, എന്റെ പരിശ്രമം ഇപ്പോള്‍ ഫലം നല്കി'' - സൂരിബാബു പറയുന്നു. '' അച്ഛന് രാത്രികാലങ്ങളില്‍ വിശ്രമമില്ലാതെ വണ്ടി ഓടിക്കുമായിരുന്നു. അതിരാവിലെ എഴുന്നേല്ക്കുകയും തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി രാപകല്‍ കഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് ആ കയ്ക്കുന്ന അനുഭവങ്ങള്‍ എല്ലാം മധുരതരമായി മാറിയിരിക്കുന്നു. എന്റെ മാതാപിതാക്കള്‍ എനിക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അവര്‍ക്ക് ഇത്രയെങ്കിലും തിരികെ നല്കാന് സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട് '' - ഗോപിനാഥ് പറയുന്നു.






