
തിരുവനന്തപുരം : തുടര്‍ച്ചയായി വിവാദം നേരിടുന്ന സാഹചര്യത്തില്‍ എം.സി. ജോസഫൈന് പാര്‍ട്ടിക്ക് ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. എന്നിരുന്നാലും വനിതാ കമ്മിഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും ജോസഫൈനെ നീക്കം ചെയ്യാന്‍ കഴിയാതെ സിപിഎം. ഇതാദ്യമായി ഇടതുപക്ഷത്തിന് തുടര്‍ഭരണം കിട്ടിയപ്പോള്‍ ആദ്യം തന്നെ സര്‍ക്കാരിന് കല്ലുകടി കിട്ടിയിരിക്കുന്നത് വനിതാകമ്മീഷനില്‍ നിന്നുമാണ്.
ഇനി ഒരു വര്‍ഷം കൂടി കാലാവധി ബാക്കി നില്‍ക്കേ ജോസഫൈനെ നീക്കാന്‍ പാര്‍ട്ടിയ്ക്ക് തടസ്സമാകുന്നത് അവര്‍ സിപിഎം കേന്ദ്രക്കമ്മറ്റിയംഗമാണ് എന്നതാണ്. പാര്‍ട്ടിയിലെ ഉയർന്ന ഘടകത്തിൽ അംഗമായ മുതിർന്ന വനിതാ നേതാവിനെ പുറത്താക്കേണ്ടി വരും എന്നതാണ് പാര്‍ട്ടിയെ വിഷമിപ്പിക്കുന്നത്. ജോസഫൈന്റെ പ്രതികരണം പാര്‍ട്ടിക്കും ഭരണത്തിനും അവമതിക്കല്‍ ഉണ്ടാക്കിയെന്ന വിലയിരുത്തല്‍ മുന്‍ നിര്‍ത്തി ജോസഫൈന്റെ വിഷയം ഇന്ന് പാര്‍ട്ടി പരിശോധനയ്ക്ക് എടുത്ത ശേഷമാകും തീരുമാനം വരിക.
‘മാറണം മനോഭാവം സ്ത്രീകളോട്’ എന്ന പേരിൽ സിപിഎമ്മിന്റെ ജനാധിപത്യ മഹിളാ അസോസിയേഷൻ ക്യാംപെയ്ൻ പ്രഖ്യാപിച്ച വേളയിൽ വനിതാകമ്മീഷന് അദ്ധ്യക്ഷയ്ക്ക് എതിരേ തന്നെ വിമര്‍ശനം ഉണ്ടായിരിക്കുന്ന സാഹചര്യം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ജോസഫൈന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം ധിക്കാരവും അഹങ്കാരവും താന്‍പോരിമയുമാണെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനം നടത്തിയവരില്‍ സിപിഎമ്മിന്റെ സൈബർ സഖാക്കളും പാർട്ടി അനുഭാവികളായ എഴുത്തുകാരും എല്ലാമുണ്ടായിരുന്നു.
വനിതാകമ്മീഷന് അദ്ധ്യക്ഷ വിമര്‍ശനം നേരിടുന്നത് ഇതാദ്യമല്ല. കമ്മീഷന് ഉള്ളില്‍ നിന്നു തന്നെ ജോസഫൈനെതിരേ സിപിഎം നേതൃത്വത്തിന് പരാതിയും കിട്ടിയിട്ടുണ്ട്. ജീവനക്കാരായ സ്ത്രീകളോട് പോലും അടിമത്ത മനോഭാവത്തോടെ പെരുമാറുന്നു എന്നാണ് വിമര്‍ശനം. വനിതാജീവനക്കാര്‍ തന്നെ പരാതി പറഞ്ഞതോടെ സിപിഎം നേതൃത്വം ജോസഫൈനോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ വിവാദത്തില്‍ സമൂഹത്തിന്റെ നാനാ തുറയില്‍ നിന്നും വിമര്‍ശനം നേരിട്ടതോടെ ജോസഫൈനെ ഒരു വര്‍ഷം ബാക്കി നില്‍ക്കേ തന്നെ മാറ്റുന്നതിനെ കുറിച്ച് സിപിഎം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അഞ്ചുവര്‍ഷ കാലാവധിയില്‍ 2017 മേയ് 27നാണ് ജോസഫൈനെ വനിതാ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചത്.
സാധാരണഗതിയില്‍ ഭരണം മാറുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ തലപ്പത്ത് നിയോഗിക്കപ്പെട്ടവര്‍ രാജി വെയ്ക്കുക പതിവാണ്. എന്നാല്‍ ഇടതുപക്ഷം തുടര്‍ഭരണം നേടിയതോടെയാണ് ഇനിയും ഒരു വര്‍ഷം കൂടി ബാക്കിയുള്ള ജോസഫൈന് തുടരാന്‍ കാരണമായത്. അടിക്കടി വിവാദ ങ്ങൾ തുറന്നുവിടുന്നതോടെ കാലാവധി പൂർത്തിയാക്കാൻ അനുവദിക്കണോയെന്നു സിപിഎം നേതൃത്വം പരിശോധിക്കുകയാണ്.
നേരത്തെ ഉയര്‍ന്ന ഒരു പീഡനാരോപണത്തില്‍ കോടതിയും പൊലീസ് സ്റ്റേഷനും എല്ലാം പാർട്ടി തന്നെ എന്ന ജോസഫൈന്റെ പ്രതികരണവും ചില്ലറ പരുക്കല്ല സിപിഎമ്മിനു വരുത്തിയത്. പാര്‍ട്ടിക്കാരി പാര്ട്ടിക്കാരനെതിരേ പീഡന പരാതി ഉയര്‍ത്തിയപ്പോഴും വിഷയം പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കാന്‍ നടത്തിയ ശ്രമം ചൂണ്ടിക്കാട്ടി കെ.കെ. രമ എംഎല്‍എ അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പുറമേയാണ് വൃദ്ധയായ ഒരു പരാതിക്കാരിയെ അധിക്ഷേപിച്ചുവെന്നു ചൂണ്ടിക്കാട്ടി മുൻപ് കഥാകൃത്ത് ടി.പത്മനാഭനും ജോസഫൈന് എതിരെ പ്രതികരണം നടത്തിയത്.
‘എങ്കിൽ അനുഭവിക്ക്’ എന്ന് പരാതിക്കാരിയോടു നടത്തിയ പ്രതികരണവും നേതൃത്വത്തിൽ പോലും ശക്തമായ അമർഷം ഉയര്‍ത്തിവിട്ടിരുന്നു. ഇതോടെ സ്ത്രീകളോട് പ്രതിബദ്ധതയും അനുഭാവവും പ്രകടിപ്പിക്കുന്ന ആളെ വേണം കമ്മീഷന് ചെയര്മാന് ആക്കാന്‍ എന്ന രീതിയില്‍ ഒരു അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. സ്ത്രീധന പീഡന മരണങ്ങൾ സമൂഹ മനസ്സാക്ഷിയെ പ്രക്ഷുബ്ധമാക്കിയ സമയത്താണ് ഒരു ഇരയുടെ ഫോണിലെ പരാതി കേട്ട് കമ്മിഷൻ അധ്യക്ഷ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് സമൂഹം നേരിട്ടു കാണുന്നത്.






