
തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തില്‍ പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയെന്ന വിവാദത്തില്‍ വനിത കമ്മീഷന് അധ്യക്ഷ സ്ഥാനം എം.സി ജോസഫൈന് രാജിവച്ചു. ഭരണ-പ്രതിപക്ഷ കക്ഷികളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി. കാലാവധി കഴിയാന്‍ എട്ടു മാസം കൂടി അവശേഷിക്കേയാണ് രാജി.
വിവാദത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജോസഫൈന് വിശദീകരണം നല്‍കിയിരുന്നു. പുറത്തുപറഞ്ഞ ന്യായീകരണം തന്നെയാണ് അവര്‍ പാര്‍ട്ടിയിലും പറഞ്ഞത്. തെറ്റുപറ്റിയെന്ന് അവര്‍ തുറന്നു സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ കടുത്ത വിമര്‍ശനമാണ് ജോസഫൈന് നേരിട്ടത്. രാജി പാര്‍ട്ടി ചോദിച്ചുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട പല കേസുകളിലും ജോസഫൈന് എടുത്ത നടപടികള്‍ വിവാദമായിരുന്നു. വാളയാര്‍ കേസിലും പി.കെ ശശി ഉള്‍പ്പെട്ട വിവാദത്തിലും ജോസഫൈന് എടുത്ത നിലപാട് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
രാജി പാര്‍ട്ടിയുണ്ടായ കൂട്ടായ തീരുമാനമാണെന്ന് പി.കെ ശ്രീമതി പ്രതികരിച്ചു.






