
കവരത്തി: രാജ്യദ്രോഹ കേസിൽ ആയിഷ സുൽത്താനയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൻ്റെ ഭാഗമായാണ് മൊബൈൽ ഫോൺ കൈവശം വാങ്ങിയതെന്നാണ് കവരത്തി പൊലീസിന്റെ വിശദീകരണം. എന്നാൽ ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്നും ഫോൺ നമ്പറുകൾ എഴുതിയെടുക്കാൻ സാവകാശം തന്നില്ലെന്നും ആയിഷ സുൽത്താന പറയുന്നു. ആയിഷയ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.
രാജ്യദ്രോഹ കേസിൽ ആയിഷ സുൽത്താനയെ ലക്ഷദ്വീപിലെത്തിച്ച് കവരത്തി പോലീസ് മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയക്കുകയായിരുന്നു. എന്നാൽ, കേസിൽ ആയിഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും രാജ്യ വിരുദ്ധ നീക്കത്തിനാണ് ആയിഷ പദ്ധതിയിട്ടതെന്നും അഡ്മിനിസ്ട്രേഷൻ വാദിച്ചു. എന്നാൽ. ഈ വാദങ്ങൾ തള്ളിയ ഹൈക്കോടതി ഉപാധികളോടെ ആയിഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.






